കോഴിക്കോട് : ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി ചര്‍ച്ച നടത്തുന്നു. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, അഞ്ജലി മേനോന്, സയനോര തുടങ്ങിയവരാണ് കമ്മീഷനെ കാണുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും ഇക്കാര്യത്തില്‍ വനിതാ കമ്മീഷന് ഇടപെടണമെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ഗസ്റ്റഹൗസിലാണ് കൂടിക്കാഴ്ച നടത്തുന്നത്.
അതേ സമയം ദിലീപിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ഐ പാഡ്, പെൻ ഡ്രൈവ്, ഹാർഡ് ഡിസ്ക് എന്നിവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മുൻകൂർ ജാമ്യഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും