അമേരിക്ക: ഇന്ത്യൻ ടെക് ഭീമൻ ടാറ്റ കൺസൾട്ടൻസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ പ്രൊഫഷണലുകൾ രംഗത്ത്. തങ്ങളെ ചുരുങ്ങിയ കാലയളവിൽ പുറത്താക്കിയെന്നും തങ്ങളുടെ അവസരങ്ങൾ എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാർക്ക് നൽകിയെന്നുമാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതുസംബന്ധിച്ച് 22 അമേരിക്കൻ തൊഴിലാളികൾ ഈക്വൽ എംപ്ളോയിമെന്റ് ഓപ്പർച്ച്യുണിറ്റി കമ്മിഷനിൽ (ഇഇഒസി) പരാതി നൽകിയിട്ടുണ്ട്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒന്നാണ് എച്ച്- 1 ബി വിസ പദ്ധതി. എച്ച്-1 ബി വിസ കൈവശമുള്ളവർക്ക് മൂന്ന് മുതൽ ആറ് വർഷം വരെ വിദേശത്ത് ജോലി ചെയ്യാം. ഗ്രീൻ കാർഡ് പ്രോസസിലൂടെ അമേരിക്കയിൽ സ്ഥിരതാമസമാക്കിയാൽ വിസ പുതുക്കാനും അവസരമുണ്ട്.
വംശത്തിന്റെയും വയസിന്റെയും അടിസ്ഥാനത്തിൽ നിയമലംഘനം നടത്തി ടിസിഎസ് തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. 40നും 60നും ഇടയിൽ പ്രായമുള്ളവരാണ് പരാതിക്കാർ. തങ്ങളെ പിരിച്ചുവിട്ടിട്ട് എച്ച്-1ബി വിസയിലുള്ള കുറഞ്ഞ വേതനക്കാരായ ഇന്ത്യക്കാരെ നിയമിച്ചുവെന്ന് ഇവർ പരാതിപ്പെടുന്നു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇവർ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദധാരികളാണെന്നും പരാതി റിപ്പോർട്ട് ചെയ്‌ത വാൾസ്ട്രീറ്റ് ജേർണലിൽ പറയുന്നു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ടിസിഎസ് അനധികൃതമായ വിവേചനം നടത്തിയിട്ടില്ലെന്നും അവർ പറയുന്നു.