ഡൽഹി : തങ്ങളല്ല കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും തങ്ങള്‍ ബോധപൂര്‍വ്വം അത് അന്താരാഷ്ട്ര തലത്തിലേക്ക് പടര്‍ത്തിയിട്ടില്ലെന്നും ചൈന. ചൈനീസ് വൈറസ് വുഹാന്‍ വൈറസ് എന്ന വിളിപ്പേരിട്ട് കൊറോണ വൈറസിനെ വിളിക്കുന്നതിലുള്ള അതൃപ്തി അറിയിച്ചു കൊണ്ടാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ബുധനാഴ്ച ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ചൈനീസ് ജനതയെ വൈറസ് വാഹകരായും സൃഷ്ടാക്കളായും മുദ്രകുത്തുന്നതിന് പകരം എങ്ങനെ ചൈന ഈ മഹാമാരിയോട് പോരാടി എന്നുള്ളതാണ് അന്താരാഷ്ട്ര സമൂഹം കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതന്നെും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് ചൈനയും ഇന്ത്യയും പരസ്പരം സഹകരിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
“ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ സഹായം ചൈനയ്ക്ക് ലഭിച്ചിരുന്നു. അതിന് ഞങ്ങള്‍ ഇന്ത്യയോട് നന്ദി പറയുകയാണ്”, റോങ് കൂട്ടിച്ചേര്‍ത്തു.
ചൈനീസ് വൈറസ് എന്ന് പറഞ്ഞ് ചൈനയെ മുദ്രകുത്തുന്നത് അപമാനകരമാണ് അത് അസ്വീകാര്യമാണ്. ഇന്ത്യ അത്തരം ഇടുങ്ങിയ ചിന്താഗതികളെ എതിര്‍ക്കുമെന്നാണ് വിശ്വാസമെന്നും ചൈന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീർത്തും അപക്വമായ “ചൈനീസ് വൈറസ്” എന്ന പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ തന്നെ എതിർപ്പിനിടയാക്കിയിരുന്നു.
ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര സമൂഹവും ഏതൊരു രാജ്യത്തിനെയോ പ്രദേശത്തെയോ വൈറസുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നതിനെതിരാണെന്ന് ഇതിനു മുമ്പ് കൃത്യമായി വ്യക്തമാക്കിയതുമാണ്.