പത്തനംതിട്ട : ‘കരുതലാകാം കരുത്തോടെ’ രക്ഷാകര്‍തൃ ശാക്തീകരണത്തില്‍ അധിഷ്ഠിതമായ സമഗ്ര കര്‍മപദ്ധതിക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളര്‍ത്താന്‍ രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ലഹരി വസ്തുക്കള്‍ കൈവശം കണ്ടെത്തിയാല്‍ ലഭിക്കുന്ന ശിക്ഷാനടപടി സംബന്ധിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിവുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യസന്ദേശത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു.
എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കോട്, ആര്‍.കെ.എസ്.കെ ജില്ലാ നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിബിന്‍ സാജന്‍, പാഠപുസ്തക നിര്‍മാണ സമിതി അംഗം ഡോ. അജിത്ത് ആര്‍ പിള്ള, അധ്യാപകനായ പ്രീത് ജി. ജോര്‍ജ് എന്നിവര്‍ ക്ലാസ് നയിച്ചു. കൗമാരക്കാരിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും അക്രമവാസനയും നേരിടുന്നതിനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ജില്ലാ പഞ്ചായത്ത് ആരംഭിച്ചതാണ് ‘കരുതലാകാം കരുത്തോടെ’കര്‍മപദ്ധതി. ആദ്യഘട്ടത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ പ്രഥമ അധ്യാപകരുടെയും പിടിഎ പ്രതിനിധികളുടെയും പരിശീലനം സംഘടിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്‍ അനില റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.