സലാല : റമദാനിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ ഏറ്റവും പ്രധാനം ഹൃദയങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്കു നീക്കലാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്മാൻ പറഞ്ഞു. ഐ.എം.ഐ സലാല ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച ‘ദൈവ ഭക്തിയും ക്ഷമയുമാണ്’ റമദാൻ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദൈവ ഭക്തിയിലൂടെ കൂടുതൽ കരുത്തുള്ളവരാകണം, പുതിയ കാലത്ത് ഇത് അനിവാര്യമാണ്.
ക്ഷമ എന്നാൽ മിണ്ടാതിരിക്കലല്ല എന്നും പ്രതിസന്ധിഘട്ടത്തിലും പക്വതയോടെ പെരുമാറുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സി.പി.ഹാരിസ്, ജെ. സാബുഖാൻ, സലീം സേട്ട്, റജീന, മദീഹ, മൻസൂർ വേളം എന്നിവർ സംബന്ധിച്ചു.ഐ.എം.ഐ സംഘടിപ്പിച്ച ഖുർആൻ പ്രശ്നോത്തരി, വൺ ഡേ ട്രിപ് എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.