പത്തനംതിട്ട : ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഫുഡ് ആന്‍റ് സേഫ്ടിയുടെയും ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍. പത്തനംതിട്ടയില്‍ വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സംസ്ഥാനമൊട്ടാകെ ഭക്ഷണശാലകള്‍, ബേക്കറികള്‍, ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉണ്ടെന്നും അവ ഒറിജിനല്‍ ആണെന്ന് ഉറപ്പാക്കുന്നതിനുമായിരുന്നു പരിശോധന. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പത്തനംതിട്ട ജില്ലയിലെ 30 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം നടത്തിയ ഓപ്പറേഷനില്‍ അടൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ.ആര്‍.അസീം, ആറന്മുള ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ടി.ആര്‍ പ്രശാന്ത് കുമാര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡിഎംഒ സേതുലക്ഷ്മി എന്നിവരാണ് പങ്കെടുത്തത്. പരിശോധനയുടെ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരണത്തിനു നല്‍കിയപ്പോള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 8 സ്ഥാപനങ്ങളുടെ പേരുവിവരം മുക്കി. അതായത് തെറ്റുകളും കുറ്റങ്ങളും കണ്ടെത്തിയ സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ പൊതുജനം അറിയേണ്ട എന്ന് പരിശോധന നടത്തിയവര്‍ തീരുമാനിച്ചു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലെന്ന് ഈ നടപടിയിലൂടെ വ്യക്തമാകുകയാണ്. ആരെയൊക്കെയോ രക്ഷിക്കുവാന്‍ വേണ്ടി എന്തിനോവേണ്ടി കേഴുന്നവരാണോ ഇവരൊക്കെയെന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വ്യാപകമായ പരാതിയാണ് ജില്ലയില്‍ ഉയരുന്നത്. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതും നിര്‍മ്മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ ഇവര്‍ പരിശോധനകള്‍ നടത്തുവാന്‍ തയ്യാറാകുന്നില്ല. അഥവാ പരിശോധനകള്‍ നടത്തിയാല്‍ അവ പ്രഹസനമാക്കുകയാണ്. പുഴുവരിക്കുന്ന ഭക്ഷണങ്ങള്‍ പിടികൂടിയാലും സ്ഥാപനങ്ങളുടെ പേരുകള്‍ ഇവര്‍ പുറത്തുവിടാറില്ല. ഇതൊരു പ്രത്യേക ധാരണയാണ്. ഉദ്യോഗസ്ഥരായ ഞങ്ങളൊക്കെ നിങ്ങളുടെ ഏറാന്‍ മൂളികളായി നിന്നുകൊള്ളാമെന്നുള്ള രഹസ്യ ധാരണ.