കോട്ടയം : നഗരത്തിലും മലയോരമേഖലയിലും രാത്രിയിലും ശക്തമായ മഴ. മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ ടൗണ്‍ വെളളപ്പൊക്ക ഭീഷണിയില്‍. കൊട്ടാരമറ്റം ഭാഗത്ത് ഇന്നലെ രാത്രിയോടെ വെളളം കയറി. പാലാ – ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയിലും വെളളം കയറിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന ആശങ്കയുണ്ട്. മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്ക ഭീഷണി ഉണ്ട്. കാഞ്ഞിരപ്പള്ളി കരിമ്പുകയം കോസ് വേയിലും നിരവധി വീടുകളിലും വെള്ളം കയറി. മുണ്ടക്കയം ടൗണിൽ കടകളിൽ വെള്ളം കയറി വ്യാപക നാശനഷ്ടം. ചിറക്കടവ് മണ്ണനാനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 3 വീട്ടുകാരെ മാറ്റി പാർപ്പിച്ചു.
തീക്കോയി മാര്‍മല അരുവിക്ക് സമീപം ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല. ഒന്നിൽ കൂടുതൽ തവണ ഉരുൾ പൊട്ടിയ മേലുകാവ് മൂന്നിലവ് പഞ്ചായത്തുകളിൽ കർശന ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്നുപോയ മല്‍സ്യബന്ധനബോട്ട് കടലില്‍ കുടുങ്ങി. ബോട്ടില്‍ ആറ് മലയാളികളടക്കം 10 തൊഴിലാളികളുണ്ട്. ബോട്ട് കരയ്ക്ക് അടുപ്പിക്കാന്‍ തീരസംരക്ഷണസേന ശ്രമം തുടങ്ങി. രാത്രിയിലും പുലർച്ചെയും ഇടവിട്ട് ശക്തമായി മഴ തുടർന്നു. നെൽകൃഷിക്കും ജലനിരപ്പ് ഉയരുന്നത് ഭീഷണിയാണ്. ജലഗതാഗത വകുപ്പ് ബോട്ടുകൾ ഒഴികെയുള്ള ജലവാഹനങ്ങളുടെയും ഹൗസ് ബോട്ടുകളുടെയും യാത്ര നാളെ അർധരാത്രി വരെ നിരോധിച്ചിട്ടുണ്ട്. തീരദേശത്ത് കടലാക്രമണവും രൂക്ഷമാണ്. തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും ഷട്ടറുകൾ വഴി കുട്ടനാട്ടിലെത്തുന്ന അധികജലം കടലിലേക്കൊഴുകുന്നുണ്ട്.