തിരുവനന്തപുരം : അതിശക്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനം അതി ജാഗ്രതയില്‍. വെള്ളിയാഴ്ചവരെ മഴ അതിതീവ്രമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ ചില ജില്ലകള്‍ക്ക് ചുവപ്പ് ജാഗ്രത നല്‍കി.അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴക്കെടുതിയില്‍ 7 മരിച്ചു. ഒരാളെ കാണാതായി. മുന്‍വര്‍ഷങ്ങളിലെപ്പോലെ മിന്നല്‍ പ്രളയത്തിന്റെ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മുതലാണ് തെക്കന്‍ കേരളത്തില്‍ മഴ ശക്തമായത്. ചൊവ്വാഴ്ചവരെ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് അതിതീവ്രമഴ പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലേക്ക് തീവ്രമഴ വ്യാപിക്കും.
ചുവപ്പുമുന്നറിയിപ്പ് പ്രഖ്യാപിച്ചയിടങ്ങളില്‍ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ നാലുദിവസം ഇത്തരത്തില്‍ മഴ പെയ്താല്‍ അത് പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണസേനയുടെ നാലു സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ വിന്യസിച്ചു. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.