തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊളളാനുളള സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിച്ചാല്‍ മുന്‍വര്‍ഷങ്ങളില്‍ പ്രളയത്തിന് കാരണമായ പോലെയുളള അതിതീവ്രമഴ പെയ്തേക്കാമെന്നാണ് ആശങ്ക. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 13 വരെയുള്ള രണ്ടാഴ്ച കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ ഒഴിച്ചുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ഓഗസ്റ്റ് രണ്ടാംവാരം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദത്തിനുള്ള സാധ്യതകൂടി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. കേരള, കര്‍ണാടക തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകും. ഓഗസ്റ്റ് നാല് വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം പകുതി പിന്നിടുമ്പോള്‍ കേരളത്തില്‍ 23% മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് 1,363 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ പെയ്തത് 1050.1 മില്ലിമീറ്റര്‍ മാത്രമാണെന്നും കാലാവസ്ഥ വിഭാഗത്തിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നു. ജൂലൈ മാസത്തില്‍ സാധാരണയായി 726. 1 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ പെയ്തത് 514 മില്ലിമീറ്റര്‍ മാത്രമാണ്. 29 % കുറവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളിലും കാലവര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 2019ല്‍ 32% മഴക്കുറവായിരുന്നു ജൂലൈ അവസാനിച്ചപ്പോള്‍ രേഖപ്പെടുത്തിയത്.
കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ഒഴികെ എല്ലാ ജില്ലകളിലും ശരാശരിക്കും താഴെ മാത്രമാണ് മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ പെയ്തത് 1902.6 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1,791 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ആറ് ശതമാനം കൂടുതല്‍ മഴ ലഭിച്ചു. അതെ സമയം പശ്ചിമ ഘട്ട ജില്ലകളായ വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഏറ്റവും മഴ കുറവ് രേഖപ്പെടുത്തിയത്.