തിരുവനന്തപുരം : പരാതികൾ പെരുകുകയും കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെ ഇരട്ടവോട്ട് വിഷയത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇരട്ടവോട്ടുകൾ കൂടുതൽ കണ്ടെത്തുന്ന ബൂത്തുകളിൽ കള്ളവോട്ട് തടയാൻ മുഴുവൻസമയ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. ബൂത്തുകളുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കും.
ബി.എൽ.ഒ.മാരുടെ പരിശോധനയിൽ കണ്ടെത്തുന്ന ഇരട്ടവോട്ടുള്ളവരുടെ പേര് ഉൾപ്പെടുത്തിയ പ്രത്യേക പട്ടിക പ്രിസൈഡിങ് ഓഫീസർമാർക്കു നൽകും. തിരഞ്ഞടുപ്പുസമയത്ത് പേര് ഒഴിവാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ഇരട്ടവോട്ടുകൾ മരവിപ്പിച്ചായിരിക്കും വോട്ടെടുപ്പ്.
വോട്ടർപട്ടികയിൽ ഇരട്ടവോട്ട് സ്വയംകണ്ടെത്തി നീക്കാൻ അപേക്ഷിച്ചവർ ഉദ്യോഗസ്ഥരുടെ തീരുമാനം കാത്തിരിക്കുകയാണ്. ബി.എൽ.ഒ.മാർ വോട്ടറുടെ വീട്ടിലെത്തുമെന്ന് ഉദ്യോഗസ്ഥരുടെ അറിയിപ്പുണ്ടായെങ്കിലും ഇതുവരെ എത്തിയില്ലെന്ന ആക്ഷേപമുണ്ട്.