കൊച്ചി : മദ്യശാലകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ബെവ്‌കോയ്ക്കും എതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കടകളില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ മാര്‍ഗരേഖ മദ്യക്കടകള്‍ക്കും ബാധകമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷനെ ഈ മാസം അഞ്ച്, പത്ത് തീയതികളില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മദ്യം വാങ്ങാന്‍ സൗകര്യം വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലന്നും വ്യക്തമാക്കി. ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ അടച്ചിടുന്നതാവും നല്ലതെന്ന് കോടതി അഭിപ്രായപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ വെബ്‌കോ ഔട്ട്ലറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചു.
ഒരു ഡോസ് വാക്സിനെടുക്കുകയോ, ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ, ഉള്ളവർക്ക് മാത്രമാണ് മദ്യം വിൽപന നടത്തുക എന്ന നിബന്ധന ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഔട്ട്ലറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കാനാണ് നിര്‍ദേശം. കടകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനയ്ക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കേസ് വീണ്ടും സെപ്റ്റംബര്‍ രണ്ടിന് കോടതി പരിഗണിക്കും. കോവിഡ് മാനദണ്ഡങ്ങളില്‍ മദ്യശാലകള്‍ക്ക് ഇളവില്ലെന്നും ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.