മധുര : തമിഴ്നാട് സ്വദേശികളായ വധൂവരന്മാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ആകാശത്ത് വെച്ച് നടത്തിയ വിവാഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നെങ്കിലും വിവാഹം കോവിഡ്-സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാണോ നടത്തിയതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ ക്രൂവിനെ അന്വേഷണത്തിന്റെ ഭാഗമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും യാത്രക്കാര്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചില്ലെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതോടെ വധൂവരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നടപടികള്‍ നേരിടേണ്ടി വന്നേക്കാം.
കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട് സര്‍ക്കാര്‍ മെയ് 31 വരെ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ മധുര സ്വദേശികളായ കുടുംബം ബെംഗളൂരുവിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്ത് വിവാഹം നടത്താന്‍ തീരുമാനിച്ചത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അതിഥികളും ഉള്‍പ്പെടെ ബോയിംഗ് 737 വിമാനത്തില്‍ 130 ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഓണ്‍ലൈനില്‍ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലാവുകയും ചെയ്തു.
ഒരു വീഡിയോയില്‍, വരന്‍ വധുവിന് താലി ചാര്‍ത്തുന്നത് കാണാം, വധൂവരന്മാര്‍ക്ക് ചുറ്റും കൂട്ടമായാണ് അതിഥികള്‍ നില്‍ക്കുന്നത്. പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിവാഹ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. വിമാനത്തിനുള്ളില്‍ ആളുകള്‍ ഇരിക്കുന്നതും ചടങ്ങുകള്‍ ആസ്വദിക്കുന്നതുമായ നിരവധി ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിഥികളില്‍ ഭൂരിഭാഗവും മാസ്ക് ധരിച്ചിട്ടില്ല. മാത്രമല്ല ആരും തന്നെ വിമാനത്തില്‍ സാമൂഹിക അകലവും പാലിച്ചിരുന്നില്ല.
സംഭവത്തില്‍ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അന്വേഷണം ആരംഭിച്ചു. എയര്‍ലൈനില്‍ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും ഒരു സമ്പൂര്‍ണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ക്രൂവിനെ അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള പെരുമാറ്റ ചട്ടം ലംഘിച്ചവര്‍ക്കെതിരെ പരാതി നല്‍കാന്‍ സ്‌പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ വ്യക്തമാക്കി.
എന്നാല്‍ വിമാനത്തില്‍ വെച്ച് നടന്ന വിവാഹത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിമാനത്താവള അധികൃതര്‍ തയ്യാറായില്ല. വിവാഹാനന്തരം നടത്തുന്ന യാത്ര ആണ് എന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് മെയ് 23 ന് ഒരു ട്രാവല്‍ ഏജന്റാണ് ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തതെന്ന് ഒരു പ്രസ്താവനയില്‍ സ്പൈസ് ജെറ്റ് പറഞ്ഞു. പിന്തുടരേണ്ട കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് ക്ലയിന്റിനോട് വ്യക്തമായി വിവരിക്കുകയും ചെയ്തിരുന്നു. സാമൂഹിക അകലം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി വിവരിച്ചതിന് ശേഷം ഏജന്റിനെയും അതിഥികളായ യാത്രക്കാരുടെയും രേഖാമൂലവും വാക്കാലുള്ളതുമായ ഉറപ്പും വാങ്ങിയിരുന്നതായി സ്പൈസ് ജെറ്റ് വ്യക്തമാക്കി.
ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളും ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടായിരുന്നിട്ടും യാത്രക്കാര്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും നിയമപ്രകാരം എയര്‍ലൈന്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. നിലവിലുള്ള കോവിഡ് -19 നിയന്ത്രണങ്ങള്‍ കാരണം മെയ് 31 വരെ തമിഴ്‌നാട്ടില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.