റോഡ് യാത്രകള്‍ എന്നത് ആവേശകരമാണ്. ബൈക്കിയിലോ കാറിലോ അതുമല്ലെങ്കില്‍ നമ്മുടെ സ്വന്തം ആനവണ്ടിയിലോ ഒക്കെയുള്ള യാത്രകള്‍ നല്ലൊരു വൈബാണ് സമ്മാനിക്കുന്നത്. കുറഞ്ഞ ദൂരമാണെങ്കില്‍ പോലും ചെറു റോഡുയാത്രകള്‍ പോലും ഉന്മേഷകരമായ അനുഭവങ്ങളാകും സമ്മാനിക്കുക. റോഡ് യാത്രകള്‍ക്ക് കേരളത്തില്‍ ഒട്ടേറേ കിടിലന്‍ പാതകളുണ്ട്. സമുദ്ര കാഴ്ചകള്‍ ആസ്വദിച്ചും, കായല്‍ തീരത്തൂടെയും, കുളിരണിഞ്ഞ് കോടമഞ്ഞിലൂടെയും, കാടിന്റെ സൗന്ദര്യം അറിഞ്ഞും, നെല്‍പ്പാടങ്ങള്‍ക്ക് ഇടയിലൂടെയും ഒക്കെയായി റോഡ് യാത്രകള്‍ ചെയ്യാന്‍ കഴിയുന്ന ഒരു പിടി സ്ഥലങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.
തേക്കടി – മൂന്നാര്‍
റോഡ് ട്രിപ്പില്‍ പച്ചപ്പ് നിറഞ്ഞ കുന്നിന്‍ ചരിവുകളും സമൃദ്ധമായ തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും നിങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകള്‍ സമ്മാനിക്കുന്നു. പെരിയാര്‍ ദേശീയോദ്യാനത്തിന്റെ പ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ഈ പാതയില്‍ അല്‍പം ഒന്നു മാറ്റി പിടിച്ചില്‍ ഇടുക്കിയിലെ ഉടുമ്പന്‍ചോല, ദേവികുളം, പൂപ്പാറ തുടങ്ങിയ മനോഹരമായ ഗ്രാമങ്ങളിലേക്ക് നിങ്ങള്‍ക്ക് കടക്കാം.
കൊച്ചി – മൂന്നാര്‍
നഗരതിരക്കുകള്‍ കഴിഞ്ഞാല്‍ പിന്നെ ശാന്തമായ റോഡുകളാണ് ഉള്ളത്. ഈ റൂട്ടില്‍ നിങ്ങള്‍ക്ക് കാടുകള്‍, പച്ചപ്പ് നിറഞ്ഞ തോട്ടങ്ങള്‍, വളഞ്ഞുപുളഞ്ഞ റോഡുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിങ്ങനെ പലതും അസ്വദിക്കാം. പോകുന്ന വഴി, കേരളത്തിലെ പ്രശസ്തമായ ആന പരിശീലന കേന്ദ്രങ്ങളിലൊന്നായ കോടനാട് സന്ദര്‍ശിക്കാനും മറക്കണ്ട. സൈഡ് സീനുകളും വ്യൂ പോയിന്റുകളും ഒക്കെയായി ഈ യാത്ര ആവേശകരമായിരിക്കും.
കോഴിക്കോട് – വയനാട്
വളഞ്ഞുപുളഞ്ഞ പോകുന്ന ചുരം റോഡുകളിലൂടെ മലനിരകളുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഗ്രാമങ്ങളും പച്ചപ്പും തേയിലത്തോട്ടങ്ങളും അറിഞ്ഞ് യാത്ര ചെയ്യാം. പശ്ചിമഘട്ടത്തിന്റെ മികച്ച കാഴ്ചകള്‍ ലഭിക്കുന്ന യാത്ര നിങ്ങള്‍ നീട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കല്‍പ്പറ്റയില്‍ നിന്ന്, മാനന്തവാടി- തിരുനെല്ലി റൂട്ട്, മാനന്തവാടി – കൊട്ടിയൂര്‍ റൂട്ടുകള്‍, മേപ്പാടി- തൊള്ളായിരംക്കണ്ടി, സുല്‍ത്താന്‍ ബത്തേരി -പുല്‍പ്പള്ളി, നാടുകാണി – നിലമ്പൂര്‍ റൂട്ടുകള്‍ ഒക്കെ പോകാവുന്ന ഒന്നാണ്.
കോട്ടയം – വാഗമണ്‍
കോട്ടയത്ത് നിന്ന് വാഗമണ്ണിലേക്കുള്ള യാത്രകള്‍ക്ക് പല റോഡുകളുണ്ട്. ഗ്രാമങ്ങളില്‍ കയറി പോകുന്ന ആ റോഡുകളില്‍ പലതും വളരെ മോശമാണെങ്കിലും അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ്. പച്ചപ്പും വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകളും ഈ പാതയുടെ യാത്രയെ കൂടുതല്‍ ആവേശകരമാക്കുന്നു. യാത്രകള്‍ അതിരാവിലെ ആരംഭിക്കാന്‍ കഴിഞ്ഞാല്‍, കോടമഞ്ഞിലൂടെ വരുന്ന സൂര്യപ്രകാശത്തിന്റെ ആദ്യ കിരണങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യും!
കുമരകം – തേക്കടി
ഈ പാതയില്‍ ഇടയ്ക്ക് നിങ്ങളെ നഗരത്തിരക്കുകള്‍ അലോസരപ്പെടുത്തുമെങ്കിലും അതിനെയൊക്കെ മറികടക്കുന്ന പലതും ആസ്വദിക്കാനുണ്ട്. ഏറ്റുമാനൂര്‍, പാല, കുമളി വഴിയുള്ള റൂട്ട് തിരഞ്ഞെടുക്കുന്നതാകും നല്ലത്. തേയിലത്തോട്ടങ്ങളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും വഴിയിലുടനീളം കാണാം. വളഞ്ഞങ്ങാനത്തും അരുവിക്കുഴി വെള്ളച്ചാട്ടത്തിലും അല്‍പസമയം ചിലവഴിക്കാനും സാധിക്കും.