തടി കുറയ്ക്കുക എന്നത് അല്‍പം വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് പലരും തടി കുറയ്ക്കാനായി ശ്രമിക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കാനായി വ്യായമം മാത്രം പോരാ, നിങ്ങളുടെ ഭക്ഷണവും ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരുപാട് ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ലെന്ന പ്രശ്‌നം പലരും അഭിമുഖീകരിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനായി പരിശ്രമിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആരോഗ്യകരമായ ചില ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതിലൂടെ നിങ്ങളുടെ കൊഴുപ്പ് കത്തുകയും തടി കുറയുകയും ചെയ്യുന്നു. ഡയറ്റിംഗ് സമയത്ത് നിങ്ങള്‍ക്ക് ഇനിപറയുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാം.
ബദാം
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ബദാം നിങ്ങളെ ഏറെ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നു. സസ്യാഹാരികള്‍ക്ക് കൊഴുപ്പ് കത്തിക്കാനുള്ള പോഷകങ്ങളുടെ നല്ല ഉറവിടമാണ് ബദാം. ഊര്‍ജ്ജവും ഉപാപചയവും വര്‍ദ്ധിപ്പിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഡ്രൈ ഫ്രൂട്‌സ്, നട്‌സ്
വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവയുടെ നല്ല ഉറവിടമാണ് നട്സ്. അതുകൊണ്ടുതന്നെ തടി കുറക്കണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ സ്‌നാക്‌സില്‍ നട്സ് ഉള്‍പ്പെടുത്തുക. നട്‌സില്‍ ഉയര്‍ന്ന കലോറിയും കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് മിക്ക ആളുകളും കരുതുന്നു. പക്ഷേ അത് അങ്ങനെയല്ല. നട്‌സ് മിതമായ അളവില്‍ കഴിച്ചാല്‍, അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ക്ക് വാല്‍നട്ട്, ബദാം, ബ്രസീല്‍ നട്‌സ്, ഹസല്‍നട്ട്, പൈന്‍ നട്‌സ്, കശുവണ്ടി, പിസ്ത തുടങ്ങിയവ ലഘുഭക്ഷണമായി കഴിക്കാം.
———-
സിട്രസ് പഴങ്ങള്‍, ഗ്രീക്ക് യോഗര്‍ട്ട്
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ അവരുടെ ലഘുഭക്ഷണങ്ങളില്‍ ഗ്രീക്ക് യോഗര്‍ട്ടിനൊപ്പം സരസഫലങ്ങള്‍ കഴിക്കാം. ഗ്രീക്ക് യോഗര്‍ട്ടും സിട്രസ് പഴങ്ങളും പോഷകസമൃദ്ധമായ ലഘുഭക്ഷണമാണ്. പ്രോട്ടീനുകളും ആന്റിഓക്സിഡന്റുകളും ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് മതിയായ പോഷകാഹാരം നല്‍കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
———-
ഡാര്‍ക്ക് ചോക്ലേറ്റും ബദാമും
ഡാര്‍ക്ക് ചോക്ലേറ്റിന്റെയും ബദാമിന്റെയും സംയോജനം ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ലഘുഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റും ബദാമും ഒരുമിച്ച് രാവിലെയോ വൈകുന്നേരമോ ലഘുഭക്ഷണമായി കഴിക്കാം. ഇവ നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.
പ്രോട്ടീന്‍ സ്മൂത്തി
പ്രോട്ടീന്‍ സ്മൂത്തി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ലഘുഭക്ഷണമാണ് പ്രോട്ടീന്‍ സ്മൂത്തി. ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ക്ക് അവോക്കാഡോ, പീനട്ട് ബട്ടര്‍ അല്ലെങ്കില്‍ ചിയ സീഡ് പ്രോട്ടീന്‍ സ്മൂത്തി എന്നിവ കുടിക്കാം. എന്നാല്‍ കടകളില്‍ നിന്ന് വാങ്ങുന്ന പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നത് ഒഴിവാക്കുക.
——–
പുഴുങ്ങിയ മുട്ട
പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് സ്‌നാക്‌സില്‍ മുട്ടയുടെ വെള്ള ഉള്‍പ്പെടുത്തണം. മഞ്ഞ ഭാഗം കഴിക്കുന്നത് ഒഴിവാക്കണം. കാരണം അതില്‍ കൊഴുപ്പും കലോറിയും കൂടുതലാണ്. ശരീരഭാരം കുറയ്ക്കുന്നതിന് പകരം അവ ചിലപ്പോള്‍ ഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ശരീരഭാരം കുറയ്ക്കാനായി മുട്ട പുഴുങ്ങി വെള്ള ഭാഗം കഴിക്കുക
———-
ബ്രൊക്കോളി
അമിതവണ്ണം കുറയ്ക്കുന്നതു മുതല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതുവരെ ബ്രൊക്കോളി ധാരാളം ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ബ്രോക്കോളി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുമെന്ന് പറയുന്നു. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ക്ക് വിഷവസ്തുക്കള്‍ പുറന്തള്ളാനും വീക്കം കുറയ്ക്കാനും കാന്‍സര്‍ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ബ്രോക്കോളി വേവിച്ച് സ്‌നാക്ക്‌സായി കഴിക്കാം.