ശരീരഭാരം നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ അതുവരെ കഴിച്ചിരുന്ന മിക്കവാറും എല്ലാ ഭക്ഷണങ്ങളോടും ഗുഡ്ബൈ പറഞ്ഞ് പരമാവധി വ്യായാമവും ചെയ്ത് പോകുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ആരോഗ്യമുള്ള ശരീരത്തിന് കൃത്യമായ വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ശരീരം ഭാരം കുറക്കാനുള്ള നിങ്ങളുടെ യാത്രയിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സിങ്ക് എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങളെല്ലാം ഉണ്ടായിരിക്കണം. ഏതൊക്കെയാണെന്നാണോ? അറിയാം.
മുട്ടയുടെ വെള്ള
ആരോഗ്യകരമായ ഡയറ്റാണ് ലക്ഷ്യമെങ്കിൽ തീർച്ചയായും അതിൽ മുട്ട ഉൾപ്പെടുത്തിയിരിക്കണം. ഒരു മുട്ടയുടെ വെള്ളയിൽ 0.5 ഗ്രാമിൽ താഴെ മാത്രമാണ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. എന്നാൽ 3.5 ഗ്രാം ആണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. പ്രോട്ടീന് പുറമേ, കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റുകൾ എന്നിവയാലും സമ്പുഷ്ടമാണ് മുട്ട. ഇവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. മുട്ട മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ വിശക്കുന്നതായി തോന്നുകയേ ഇല്ല.
ക്വിനോവ
പ്രോട്ടീൻ സമ്പുഷ്ടമായ കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് ക്വിനോവ. പ്രാതലിന് ക്വിനോവ കഴിക്കുന്നത് നിങ്ങളെ ഉൻമേഷവാൻ ആക്കുമെന്ന് മാത്രമല്ല ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു കപ്പ് പാകം ചെയ്താൽ ക്വിനോവയിൽ ഏകദേശം 8 ഗ്രാം പ്രോട്ടീനും 5 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. സസ്യ പ്രോട്ടീനുകളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ പ്രോട്ടീൻ ഭക്ഷണമാണ് ക്വിനോവ. ശരീരത്തിന് സ്വന്തമായി നിർമ്മിക്കാൻ കഴിയാത്ത ഒമ്പത് അവശ്യ അമിനോ ആസിഡുകളും ക്വിനോവയിൽ അടങ്ങിയിട്ടുണ്ട്.
ബീൻസും പയറും
പച്ചക്കറികളിൽ തന്നെ ഏറ്റവും കൂടുതൽ പോഷകപ്രദമായവയാണ് ബീൻസും പയർവർഗ്ഗങ്ങളും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, പ്രമേഹം തുടങ്ങി പ്രശ്നങ്ങളും തടയാൻ ഇവയുടെ ഉപയോഗം സഹായിക്കുന്നു.
കോട്ടേജ് ചീസ്
പ്രോട്ടീൻ ഉറവിടമാണ് കോട്ടേജ് ചീസ്. മാത്രവുമല്ല കലോറിയും വളരെ കുറവാണ്. കോട്ടേജ് ചീസ് പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പേശി ബലം കൂട്ടാൻ സഹായിക്കുന്നു. മാത്രമല്ല ഇവ മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും.
പനീർ
ഫൈബർ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് പനീർ. അരക്കപ്പ് പനീറിൽ 21.8 ഗ്രാം പ്രോട്ടീൻസ 181 ഗ്രാം കലോറി, 11 ഗ്രാം ഫാറ്റ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ കൊഴുപ്പിന്റെ ഭൂരിഭാഗവും ആരോഗ്യകരമായ പോളിഅൺസാച്ചുറേറ്റഡ് തരത്തിലുള്ളതാണ്.