റിയാദ് : വിദേശത്ത് അധ്വാനിക്കുന്ന പണം അയച്ച് നാടിന്‍റെ സമ്പദ് വ്യവസ്ഥക്ക് വലിയ പിന്തുണ നൽകുന്ന പ്രവാസികളുടെ ക്ഷേമം കേരളത്തിന്‍റെ കടമയാണെന്ന് എ.എം. ആരിഫ് എം.പി അഭിപ്രായപ്പെട്ടു. റിയാദിലെ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 18-ാം വാര്‍ഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം രൂപവത്കരിച്ച് 67 വർഷം പിന്നിട്ടു. എങ്കിലും ഇന്നും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്ക് പിന്തുണ നൽകുന്നത് പ്രവാസികൾ അയക്കുന്ന പണമാണ്. അതുകൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിന് കേരളീയ സമൂഹം കടപ്പെട്ടിരിക്കുന്നു. പ്രവാസികളുടെ ഒരുമയും ഐക്യവും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ‘മൈത്രി കേരളീയം 2023’ എന്ന പേരിൽ അരങ്ങേറിയ പരിപാടി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി ചെയര്‍മാനും പ്രോഗ്രാം കണ്‍വീനർ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസഗം നടത്തി. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം നൃത്താവിഷ്‌കാരം, നൃത്ത നൃത്യങ്ങള്‍, ഗാനസന്ധ്യ, അറബിക് മ്യൂസിക്ക് ബാൻഡ് (ബുര്‍ഗ) എന്നിവയും അരങ്ങേറി. അബ്ദുല്ല വല്ലാഞ്ചിറ, സുരേഷ് കണ്ണപുരം, സുധീര്‍ കുമ്മിള്‍, വി.ജെ. നസ്‌റുദ്ദീന്‍, മജീദ് ചിങ്ങോലി, ജോസഫ് അതിരുങ്കൽ, ഡോ. കെ.ആർ. ജയചന്ദ്രന്‍, സലിം മാഹി, അന്‍സാരി വടക്കുംതല, അബ്ദുല്‍ സലിം അര്‍ത്തിയില്‍, മൈമൂന അബ്ബാസ്, മുനീര്‍ഷാ തണ്ടാശ്ശേരില്‍, സാബു കല്ലേലിഭാഗം, ഷൈജു പച്ച, ഉമര്‍ മുക്കം, ഫിറോസ് പോത്തന്‍കോട്, ഷൈജു എന്നിവര്‍ സംസാരിച്ചു. എ.എം. ആരിഫ് എം.പിക്ക് മൈത്രിയുടെ ആദരവ് പ്രസിഡൻറ് റഹ്മാന്‍ മുനമ്പത്ത് കൈമാറി.
വിൻറര്‍ ടൈ കമ്പനി ഡയറക്ടര്‍ വര്‍ഗീസ് ജോസഫ്, ടെക്‌നോ മേക്ക് ഡയറക്ടര്‍ ഹബീബ് അബൂബക്കര്‍, എം.കെ. ഫുഡ്‌സ് ചെയര്‍മാന്‍ സാലെ സിയാദ് അല്‍ ഉതൈബി, ഫ്യൂച്ചര്‍ ടെക് ഡയറക്ടര്‍ അജേഷ് കുമര്‍, ലിയോ ടെക് ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞ് സിദ്ധീഖ് എന്നിവർക്ക് എം.പി. ആരിഫ് ഫലകം സമ്മാനിച്ചു. മൈത്രിയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകരായ ഷാനവാസ് മുനമ്പത്ത്, അബ്ദുല്‍ മജീദ്, സക്കീര്‍ ഷാലിമാര്‍, നസീര്‍ ഹനീഫ്, നാസര്‍ ലെയ്‌സ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മൈത്രി കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ആരിഫ് എം.പി മൈത്രി ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ മജീദിന് കൈമാറി. മൈത്രി സുരക്ഷാ പദ്ധതി രണ്ടാം ഘട്ടം അപേക്ഷാ ഫോം ആരിഫ് എം.പി അനില്‍ കരുനാഗപ്പള്ളിയുടെ സാന്നിധ്യത്തില്‍ ലത്തീഫിന് കൈമാറി. ചടങ്ങില്‍ നിഖില സമീര്‍ എഴുതിയ ‘വൈദ്യേര്‍സ് മന്‍സില്‍’ എന്ന പുസ്തകത്തിന്റെ സൗദിയിലെ പ്രകാശനം ശിഹാബ് കൊട്ടുകാടിന് നല്‍കി ആരിഫ് എം.പി നിർവഹിച്ചു.