കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയപാര്‍ട്ടിയല്ലെന്ന കെ മുരളീധരന്‍റെ വാദങ്ങളെ തള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളതെന്നും ജമാഅത്തെ ഇസ്ലാമി നയം മാറ്റിയെന്ന അഭിപ്രായം ദേശീയ നേതൃത്വത്തിനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രാദേശിക നീക്കുപോക്കിനെ എതിര്‍ത്തവര്‍ക്കെതിരെ കോഴിക്കോട് മുക്കത്ത് നടപടിയെടുത്തതിന് പിന്നാലെയാണ് സഖ്യത്തെ തള്ളി മുല്ലപ്പള്ളി രംഗത്തെത്തിയത്. സഖ്യം തന്‍റെ അറിവോടെയല്ല. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ഇതിന് നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടിയാണെന്ന കെ. മുരളീധരന്‍റെ പ്രസ്താവനയും മുല്ലപ്പള്ളി തള്ളി. ജമാ അത്തെ ഇസ്‌ലാമി മതേതരമെന്ന നിലപാട് എഐസിസിക്ക് ഇല്ല. കെ.മുരളീധരനെപ്പോലെ അനുഭവസമ്പത്തുള്ള നേതാവിന് മറുപടി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തന്‍റെത് അവസാനവാക്കായിരിക്കുമെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒളിച്ചുംപാത്തുമല്ല നീക്കുപോക്കുണ്ടാക്കിയതെന്ന് പറഞ്ഞ കെ മുരളീധരന്‍റെ വാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശങ്ങള്‍.
“അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെ.പി.സി.സി അധ്യക്ഷനുമുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശം. അതാണ് ഞാന്‍ പറഞ്ഞത്.” തനിക്കായി മറ്റൊരു നിലപാടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മുരളിയുടെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രനയങ്ങള്‍ മാറ്റിയതായി കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചിരുന്നു. ഈ നീക്കുപോക്ക് മുന്നണിയ്ക്ക് ഗുണംചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് വെല്‍ഫയര്‍ പാര്‍ട്ടി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. “യുഡിഎഫുമായി പ്രാദേശികമായ സഖ്യമാണ് ഉണ്ടാക്കിയത്. വെല്‍ഫെയറുമായി ഉണ്ടാക്കിയ സഖ്യം യുഡിഎഫിന് ഗുണം ചെയ്യും,” വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു.