തിരുവനന്തപുരം : ക്ഷേമപെൻഷൻ മുടങ്ങിയതോടെ പ്രതിസന്ധിയിലായി കാഴ്ച പരിമിതരായ മനുഷ്യർ. ആറ് മാസത്തെ കുടിശികയാണ് പെൻഷൻ ഇനത്തിൽ ഇവർക്ക് ലഭിക്കാനുള്ളത്. പണം കിട്ടാതായതോടെ മരുന്നിനും ആഹാരത്തിനും പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഇവർ. പരിചരിക്കാൻ ആരോരുമില്ലാത്തവർ, മരുന്നിന് കാശില്ലാത്തവർ, പണമില്ലാത്തതിനാൽ പഠനം വഴിമുട്ടിയവർ.അങ്ങനെ ദുരിതം മാത്രം പേറി നടക്കുന്ന ഒരുപാടധികം മനുഷ്യർ.ഇവരുടെയൊക്കെയും ആകെയുള്ള പ്രതീക്ഷ മാസാമാസം കിട്ടിവന്ന 1600 രൂപ ക്ഷേമ പെൻഷൻ ആയിരുന്നു.
പക്ഷേ ആ വരവ് നിന്നിട്ട് ഈ ഫെബ്രുവരിയിൽ ആറുമാസം വരെ ആകുന്നു. കേന്ദ്ര ഭിന്നശേഷി അവകാശ നിയമത്തിൽ സാധാരണ പെൻഷനേക്കാൾ 25% എങ്കിലും വർദ്ധനവ് ഭിന്നശേഷിക്കാർക്ക് നൽകണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ഇത്തവണത്തെ ബജറ്റിലെങ്കിലും തുക കൂട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ലെന്നും ഇവർ പറയുന്നു.