റാന്നി : പെരുന്തേനരുവിയിൽ പകലും കാട്ടാന ഇറങ്ങി. ഭീതിയിൽ സമീപവാസികൾ. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ പവർ ഹൗസിന് സമീപം ആനയെ കണ്ടത്. നദീതീരത്ത് ആനയുള്ളത് മറുകരയിൽ നിന്നവരാണ് ഇതിനെ കണ്ടത്.
രാത്രി വൈകുംവരെ ഈ ഭാഗത്തുതന്നെ ആന ഉണ്ടായിരുന്നു. കഴിഞ്ഞ കുറെനാളുകളായി സമീപ പ്രദേശങ്ങളായ കുടമുരുട്ടി, കൊച്ചുകുളം ഭാഗങ്ങളിലെ ജനവാസമേഖലകളിലൊക്കെ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. രണ്ടുദിവസം മുമ്പ് പമ്പാ നദിയുടെ മറുകരയിലെത്തിയ കാട്ടാനക്കൂട്ടം ഇടത്തിക്കാവ് മേഖലകളിലും കൃഷിനാശം വരുത്തി. വനത്തോടുചേർന്ന മേഖലകളിലൊക്കെ നാട്ടുകാർ കാട്ടാനയെ ഭയന്നാണ് കഴിയുന്നത്.