തിരുവനന്തപുരം: കേരളാ പോലീസിനെതിരായ സിഎജിയുടെ റിപ്പോര്‍ട്ട് സിബഐ, എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷം. എസ്‌എപി ക്യാംപില്‍ നിന്ന് വന്‍പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്. ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും നഷ്ടപ്പെട്ടെന്നാണു സിഎജി കണ്ടെത്തല്‍. തോക്കുകള്‍ എആര്‍ ക്യാംപില്‍ നല്‍കിയെന്ന എസ്‌എപി കമന്‍ഡന്റിന്റെ വാദം സിഎജി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി വേണം അന്വേഷണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പോലീസിനെതിരെ പിടി തോമസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ നൂറുശതമാനം ശരിയാണെന്ന് സിഎജി റിപ്പോര്‍ട്ടോടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണം. ആയുധങ്ങള്‍ നഷ്ടപ്പെട്ടത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ എന്‍ഐഎ അന്വേഷണവും വേണം. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
എസ്‌എപി ക്യാംപില്‍ അസിസ്റ്റന്‍ഡ് കമന്‍ഡാന്റുമായി ചേര്‍ന്ന് ഓഡിറ്റ് ചെയ്തപ്പോഴാണു പോലീസിന്റെ ഗുരുതര വീഴ്ചകള്‍ വെളിച്ചത്തായത്. ഇരുപത്തഞ്ച് 5.56 എം.എം ഇന്‍സാസ് റൈഫിളുകള്‍ എവിടെപ്പോയെന്ന ഒരു വിവരവുമില്ല. പന്ത്രണ്ടായിരത്തി അറുപത്തിയൊന്ന് വെടിയുണ്ടകളും കാണാനില്ല. തെറ്റ് മറച്ചുവെയ്ക്കാന്‍ വ്യാജ വെടിക്കോപ്പുകള്‍ പകരം വച്ചുവെന്ന ഗുരുതര തെറ്റും അന്വേഷണത്തില്‍ കണ്ടെത്തി. ഓട്ടമാറ്റിക് തോക്കുകള്‍ക്കായുള്ള 7.62 എം.എം വെടിയുണ്ടകള്‍ നേരത്തേ കുറവായിരുന്നെന്ന വിവരം മൂടിവെയ്ക്കാനുള്ള ശ്രമവും ഓഡിറ്റ് കണ്ടുപിടിച്ചു.
ഉപകരണങ്ങള്‍ സംഭരിക്കുന്നതില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചു. വിവിധ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 150.12 കോടിരൂപയാണ് അധികച്ചെലവ്. പോലീസിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തോക്കുകള്‍ കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. ഇക്കാര്യം എന്‍ഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.