കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏറ്റവും കുടുതല്‍ സീറ്റുകളിലേക്ക് വിധി നിര്‍ണയിക്കപ്പെടുന്ന അഞ്ചാം ഘട്ട പോളിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 45 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 319 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയ സ്ഥലങ്ങളിലാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. അതുകൊണ്ട് മുന്നണികള്‍ക്ക് ഇന്നത്തെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണം ഉണ്ടായതിനാല്‍ കനത്ത സുരക്ഷയിലാണ് ഇന്നത്തെ വോട്ടെടുപ്പ്. കഴിഞ്ഞ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹഖ് മരിച്ചതിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിശബ്ദ പ്രചരണത്തിനുള്ള സമയം 48 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായി ഉയര്‍ത്തി. രാത്രി 7 മണി മുതല്‍ രാവിലെ 10 വരെ ഒരു തരത്തിലുള്ള പ്രചരണ പരിപാടികളും പാടില്ല. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം.