കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മാല്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ദും, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ മണ്ഡലങ്ങളിലുള്ള ജനങ്ങളാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.
283 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 11,860 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ 35 പേര്‍ വനിതകളാണ്. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് എല്ലാവരും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകണമെന്ന് ബംഗാള്‍ ജനതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ശശി പാഞ്ചി, സാദന്‍ പാണ്ഡ എന്നീ മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബിര്‍ദും ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.