മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ലോക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ മന്ത്രിമാരും ലോക്ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ നാലിനാണ് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വാരാന്ത്യ ലോക്ഡൗണും രാത്രികാലങ്ങളില്‍ കര്‍ഫ്യുവുമായിരുന്നു ആദ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍. പിന്നീട് സ്വകാര്യ ഓഫീസുകള്‍, തിയറ്ററുകള്‍, സലൂണ്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തി. മൂന്നാംഘട്ടത്തില്‍ പലചരക്ക്, പച്ചക്കറി, പാല് എന്നിവ വില്‍ക്കുന്ന കടകളോട് നാല് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ് 63,309 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. 985 പേര് രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 18 മുതല്‍ 44 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം സംസ്ഥാനത്ത് ആരംഭിക്കുന്നത് വൈകുമെന്ന സൂചനയും മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.