പത്തനംതിട്ട : സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കോയിപ്രം പോലീസ് പിടികൂടി. ജെയ്പാൽ ഗുരി വിവേകാനന്ദ അലിപ്പൂർ ദുവർ ആനന്ദകർമ്മകർ (41) ആണ് ഇന്നലെ വൈകിട്ട് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ വി.സജീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ചെറിയ പോളിത്തീൻ കവറുകളിലും ഒരു പ്ലാസ്റ്റിക് കവറിലുമായി സൂക്ഷിച്ച നിലയിൽ ആകെ 24.63 ഗ്രാം കഞ്ചാവ് ഇയാളുടെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തു. കോയിപ്രം ആത്മാവ്കവലയ്ക്ക് സമീപം ഇളപ്പ് എന്ന സ്ഥലത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കച്ചവടത്തിനായി നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്.
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞുനിർത്തി കഞ്ചാവുള്‍പ്പെടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായാണ് ആദ്യം ഇയാൾ സംസാരിച്ചത്. കഞ്ചാവിന്റെ ഉറവിടം ചോദിച്ചപ്പോൾ കോഴഞ്ചേരിയിലുള്ള ഒരാളിൽ നിന്നും 100 രൂപ നിരക്കിൽ വാങ്ങി 500 രൂപ നിരക്കിൽ വിൽക്കാൻ വന്നതാണെന്നും, വാങ്ങിയത് ആരിൽ നിന്നാണെന്ന് അറിയില്ലെന്നും പറഞ്ഞ് പ്രതി പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, വിശദമായ ചോദ്യം ചെയ്യലിൽ പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടു. പ്രതിക്കെതിരെ കോയിപ്രം സ്റ്റേഷനിൽ നേരത്തെ കേസ് എടുത്തിട്ടുള്ളതും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവന്നിട്ടുള്ളതുമാണ്. കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വൻ ലാഭത്തിന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ വിൽക്കുന്നത് കർശന പരിശോധനകളിലൂടെ തടയുന്നതിന് ജില്ലയിലെ പോലീസുദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്പെക്ടർക്കൊപ്പം എസ്ഐ അനൂപ്, എഎസ്ഐ വിനോദ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസറായ പരശുറാം എന്നിവരാണ് ഉണ്ടായിരുന്നത്.