കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ദേശീയ കായികദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ പതിമൂന്നിനാണ് മെസ്സി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ എത്തിയത്. മെസ്സിയെ കാണാൻ വൻ ജനക്കൂട്ടവും സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു. നാലായിരം മുതൽ ആറായിരം രൂപ വരെയായിരുന്നു ഇതിനുള്ള ടിക്കറ്റ് ചാർജ്. പ
തിനായിരം രൂപ കൊടുത്ത് ടിക്കറ്റ് സംഘടിപ്പിച്ചവരുമുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, രാജ്യം മുഴുവൻ ഉറ്റുനോക്കിയ ആ പരിപാടി ആസൂത്രണത്തിലെ പിഴവ് മൂലം ആകെ അലങ്കോലമായി. ഗ്രൗണ്ടിൽ വി.ഐ.പികൾ സെൽഫികൾക്ക് വേണ്ടി വളഞ്ഞതോടെ ഗ്യാലറിയിൽ വൻ തുക നൽകി ടിക്കറ്റെടുത്ത് ഇരുപ്പുറപ്പിച്ചവർക്ക് മെസ്സിയെ ഒരു നോക്ക് പോലും കാണാൻ കഴിയാതായി. ഇതിൽ ക്ഷുഭിതരായ അവർ അതോടെ അക്രമാസക്തരായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർക്കും കഴിഞ്ഞില്ല. ജനക്കൂട്ടം നിയന്ത്രണം വിട്ടതോടെ മെസ്സി ഡ്രെസ്സിങ് റൂമിലേയ്ക്ക് മടങ്ങി. ഇതോടെ ജനക്കൂട്ടം കൂടുതൽ രോഷാകുലരാവുകയും ഗ്രൗണ്ട് കൈയേറുകയും ഗ്യാലറിയിൽ കസേരകൾ തകർക്കുകയും കുപ്പികൾ വലിച്ചെറിയുകയുമൊക്കെ ചെയ്തു. പോലീസ് ബലപ്രയോഗം നടത്തിയാണ് ബഹളം ഒരുപരിധിവരെ ഒതുക്കിയത്.
മെസ്സി തങ്ങിയ ഹോട്ടലിന് മുന്നിലും വലിയ തോതിൽ ജനങ്ങൾ തടിച്ചുകൂടി. വലിയ ഫുട്‌ബോൾ പാരമ്പര്യം അവകാശപ്പെടാനുള്ള കൊൽക്കത്ത നഗരത്തിന് ഇത് വലിയ നാണക്കേടായി. അതോടെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി രംഗത്തുവരികയും ഇത് സർക്കാരിനെതിരെ വലിയ ആയുധമാക്കുകയും ചെയ്തു. പരിപാടിയുടെ സംഘാടകനായ സതദ്രു ദത്തയെ പിന്നീട് അറസ്റ്റ് ചെയ്തു. അതിനുശേഷം അന്ന് മമത ബാനർജി സർക്കാരിൽ കായികമന്ത്രിയായിരുന്ന അനിൽ ബിശ്വാസിന് രാജിവെക്കേണ്ടിയുംവന്നു. പകരം മുഖ്യമന്ത്രി കായികവകുപ്പ് ഏറ്റെടുത്തു. ജനങ്ങൾ അന്ന് മുതൽ തന്നെ ടിക്കറ്റിനുള്ള പണം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ടിക്കറ്റ് വിൽപനയുടെ വകയിൽ ഏതാണ്ട് 19 കോടി രൂപ സംഘാടകർ സ്വരൂപിച്ചുവെന്നാണ് പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് സുദത്രു ദത്തയുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ, കാണികളുടെ കാശ് തിരിച്ചുകൊടുത്തിരുന്നില്ല. ഇതിനുശേഷമാണ് ഇപ്പോൾ പുതിയ സർക്കാർ കാണികൾക്ക് ആശ്വാസം പകരുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.


































