കൊച്ചി : കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ഒരു ചുഴലിക്കാറ്റ് മറ്റൊന്നായി രൂപാന്തരം പ്രാപിച്ചതിനാലെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ബംഗാള്‍ ഉടക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയോടെ മറ്റൊരു ചുഴലിയായി ഉയരുകയായിരുന്നു. ഒരു ചുഴലി അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു ചുഴലി ഉണ്ടാകുന്ന അത്യപൂര്‍വ പ്രതിഭാസമാണിത്.
സാധാരണ ഗതിയില്‍ കാലവര്‍ഷം അവസാനിക്കുന്ന സമയത്ത് ചുഴലിയും ന്യൂനമര്‍ദങ്ങളും ഉണ്ടാകാറില്ലെന്നും കാലാവസ്ഥ നിരീക്ഷ വിദഗ്ദര്‍ പറയുന്നു. ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികള്‍ മാറ്റിമാറിച്ചു. പുതിയ ചുഴലിയായ ഷഹീന്‍ ഗുജറാത്തിന്റെ തീരത്തുനിന്ന് ഒമാന്‍ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ കാരണം കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ പതിവിലും വൈകുമെങ്കിലും തുലാവര്‍ഷം സാധാരണഗതിയില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.
അറബിക്കടലില്‍ തമിഴ്‌നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കാര്‍മേഘങ്ങള്‍ വന്‍തോതില്‍ കേരളത്തിലൂടെ കടന്നുപോകുമെന്നു കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ചേര്‍ന്ന കാലാവസ്ഥ തുടരും. അന്തരീക്ഷത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ കാരണം കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ പതിവിലും വൈകുമെന്നാണ് നിരീക്ഷണം. ജൂണ്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30നാണ് കാലവര്‍ഷം സാധാരണ പിന്‍വാങ്ങാറുള്ളത്.