കൊൽക്കത്ത : ഒരു മുൻ പരിചയവുമില്ലാത്ത സ്ത്രീയെ ഡാർലിംഗ് എന്നുവിളിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ പ്രകാരം ലൈംഗിക കുറ്റകൃത്യമാണെന്ന് വ്യക്തമാക്കി കൽക്കട്ട ഹൈക്കോടതി. വനിതാ പോലീസിനെ ഡാർലിംഗ് എന്ന് വിളിച്ച ജനക് റാം എന്നയാളുടെ ശിക്ഷ ശരിവച്ചുകൊണ്ട് പോർട്ട് ബ്ലെയർ ബെഞ്ചിലെ ഏക അംഗം ജയ് സെൻ ഗുപ്തയാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. പരാമർശത്തിന് ലൈംഗിക ചുവയുണ്ടെന്നും അത് സ്ത്രീത്വത്തെ അപമാനിക്കലാണെന്നും സെക്ഷൻ 354 എ പ്രകാരം ശിക്ഷാർഹമാണെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ‘എന്താ ഡാർലിംഗ് എനിക്ക് പിഴയീടാക്കാൻ വന്നതാണോ’ എന്നാണ് ജനക് റാം പോലീസുകാരിയോട് ചോദിച്ചത്.
അപരിചിതരായ സ്ത്രീകളെ മദ്യപിച്ചോ അല്ലാതെയോ ഡാർലിംഗ് എന്ന് വിളിക്കുന്നത് ലൈംഗിക ചുവയുള്ള പരാമർശമാണെന്ന് കോടതി വ്യക്തമാക്കി. പ്രതി മദ്യപിച്ചു എന്നതിന് തെളിവില്ലെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ ബോധത്തോടെയാണ് ഇങ്ങനെ സംബോധന ചെയ്തതെങ്കിൽ ശിക്ഷ ഇപ്പോഴത്തേതിലും കൂടുതലായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ദുർഗാ പൂജയുടെ തലേന്ന് ക്രമസമാധാന പാലനത്തിന് നിയോഗിച്ചിരുന്ന പോലീസുകാരിയോടാണ് ജനക് റാം ഡാർലിംഗ് പരാമർശം നടത്തിയത്.റോഡിൽ ബഹളമുണ്ടാക്കിയ ഒരാളെ പിടികൂടി സ്റ്റേഷനിലേക്ക് മാറ്റിയശേഷം സ്ഥലത്ത് തുടർന്ന കോൺസ്റ്റബളിനോടായിരുന്നു ജനക് റാം ഡാർലിംഗ് പരാമർശം നടത്തിയത്.