കൊച്ചി : വിദേശത്ത് ആദ്യ ഡോസ് വാക്സീൻ എടുത്ത പ്രവാസികൾ കുരുക്കിൽ. രണ്ടാം ഡോസ് വാക്സീൻ നാട്ടില്‍ എടുക്കാൻ കഴിയാത്തതു മൂലം ആശങ്കയിലാണ് ഇവര്‍. അഥവാ ഇവിടെ രണ്ടാം ഡോസ് എടുത്ത് അവിടെയെത്തുമ്പോൾ അതത് രാജ്യങ്ങളിലെ നിയമക്കുരുക്കുകളും ഇവര്‍ക്ക് തലവേദനയാകുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയവരാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഒരു ഡോസ് എടുത്ത ശേഷമാണ് പ്രവാസികളിൽ പലരും നാട്ടിലേക്ക് വന്നത്.
രണ്ടാം ഡോസ് എടുക്കേണ്ട സമയം കഴിഞ്ഞിട്ടും ലഭിക്കാത്തവർ ഇക്കൂട്ടത്തിൽ ഏറെയുണ്ട്. കൂടാതെ ഇവിടെ നിന്ന് രണ്ടാം ഡോസ് സ്വീകരിച്ചു മടങ്ങി പോയാൽ അവിടത്തെ നിയമം അനുസരിച്ചു വീണ്ടും ഡോസ് സ്വീകരിക്കേണ്ടി വരികയോ പിഴയൊടുക്കുകയോ ചെയ്യേണ്ടി വരുമെന്ന ആശങ്കയും ഇവരിൽ ശക്തമാണ്.
ഇക്കാര്യത്തിൽ സർക്കാരോ നോർക്കയോ വ്യക്തമായ നിർദേശം പുറപ്പെടുവിക്കാത്തതു മൂലം ഒട്ടേറെ പേരാണ് മടങ്ങി പോകാൻ കഴിയാതെ ദുരിതത്തിൽ കഴിയുന്നത്. ഏറെ നാളുകളായി റദ്ദാക്കിയിരുന്ന വിമാന സർവീസുകൾക്ക് സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചെങ്കിലും പുതുതായി ഇറക്കിയ മാനദണ്ഡങ്ങൾ നാട്ടിലെത്തിയ പ്രവാസികളുടെ ഭാവിയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുകയാണ്. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കുന്ന കാര്യത്തിൽ വ്യക്തതയില്ലെന്നതാണ് ആദ്യ പ്രശ്നം. ഇതുമൂലം അവധി കഴിയാറായ ഒട്ടേറെ പേർ വാക്സീൻ വിഷയത്തിൽ വേഗത്തിൽ വ്യക്തത വരുത്തണമെന്നാവശ്യവുമായി അധികൃതരെ സമീപിച്ചിട്ടും നടപടിയില്ല.
വിദേശത്ത് ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് വാക്സീന്റെ രണ്ടാം ഡോസ് ഇവിടെ ലഭ്യമാകുന്നില്ലെന്ന പരാതിയാണ് മറ്റൊന്ന്. കോവീഷീൽഡ്, കോവാക്സിൻ എന്നിവ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ വാക്സീൻ തന്നെ സ്വീകരിച്ചവരും വെട്ടിലാണ്. വിദേശരാജ്യങ്ങളിൽ ഇവയുടെ പേര് വ്യത്യസ്തമായതാണ് കാരണം. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.