തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ലോകായുക്ത. എന്താണ് ലോകായുക്ത. അഴിമതിയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ മുൻ പ്രധാന മന്ത്രി മൊറാർജി ദേശായി 1966-ൽ സമർപ്പിച്ച ഭരണ പരിഷ്കാര റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച സംവിധാനമാണ് ലോകായുക്ത. റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പിന്നെയും അഞ്ച് വർഷം വേണ്ടി വന്നു ആദ്യത്തെ ലോകായുക്ത മഹാരാഷ്ട്രയിൽ രൂപീകരിക്കാൻ. അതായത് 1971-ൽ ആയിരുന്നു ലോകായുക്ത മഹാരാഷ്ട്രയിൽ രൂപീകരിച്ചത്. എന്നാൽ 1999-ൽ നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് കേരളത്തിൽ ലോകായുക്ത രൂപം കൊണ്ടത്. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ് ഈ സംവിധാനം.
സുപ്രീം കോടതിയിലെ മുൻ ജഡ്ജിയോ അല്ലെങ്കിൽ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ലോകായുക്ത (തലവൻ). അതുപോലെ രണ്ട് ഉപ ലോക് ആയുക്തമാരും ഹൈക്കോടതിയിലെ മുൻ ജഡ്ജിമാരായിരിക്കണം. നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ലോക് ആയുക്തയെയും ഉപ ലോക് ആയുക്തയെയും നിയമിക്കുന്നത്. 1999-ൽ നിലവിൽ വന്ന ലോകായുക്തയുടെ 14ാം വകുപ്പ് പ്രകാരം അഴിമതിക്കേസുകളിൽ ലോകായുക്ത കൽപ്പിക്കുന്ന തീർപ്പ് മുഖ്യമന്ത്രി, ഗവർണർ എന്നിവർ അതേപടി അംഗീകരിക്കണമെന്നതായിരുന്നു ആദ്യത്തെ നിയമം.
മൂന്ന് മാസത്തിനുള്ളിൽ ലോകായുക്തയുടെ തീരുമാനം അധികാരികൾക്ക് തള്ളുകയോ, സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് പ്രത്യേകത. തള്ളിയില്ലെങ്കിൽ അത് നടപടിയായി തന്നെ കണക്കാക്കുകയും കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്യും. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർവം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ തുടങ്ങിയവ എല്ലാം ലോകായുക്ത മുഖേന ചോദ്യം ചെയ്യാം.
എന്നാൽ ഓർഡിനൻസ് പ്രാബല്യത്തിലായതോടെ ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതായത്. ഇനി വിധി വന്ന് മൂന്നുമാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാം. ഭേദഗതി ഒപ്പിടാൻ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ഗവർണറെ മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടാണ് അനുനയിപ്പിച്ചത്. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി ഗവർണറെ ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ ലോകായുക്തക്ക് ഈ അധികാരമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തന്റെ വിശദ പരിശോധനയിലും ഇക്കാര്യം ബോധ്യപ്പെട്ടെന്ന് ഗവർണറും വ്യക്തമാക്കിയിരുന്നു. മാത്രമല്ല പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക.
ലോകായുക്ത ഭേദഗതി ചർച്ചകൾ തുടങ്ങിയത് 2020 ഡിസംബറിൽ ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയായിരുന്നു സർക്കാർ നീക്കം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ ഉള്ളത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ.