ഉപയോക്താക്കളുടെ ചാറ്റിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചു. പിൻ മെസേജ് എന്ന ഈ പുതിയ ഫീച്ചർ ചാറ്റുകളിലെ പ്രധാന മെസേജുകൾ പിൻ ചെയ്ത് സൂക്ഷിക്കാൻ സഹായിക്കും. ടെക്‌സ്‌റ്റ് മെസേജുകൾ, ചിത്രങ്ങൾ, ഇമോജികൾ എന്നിവ ഉൾപ്പെടെ എല്ലാത്തരം മെസേജുകളും ഇത്തരത്തിൽ ചാറ്റിന് മുകളിൽ പിൻ ചെയ്ത് വെയ്ക്കാൻ സാധിക്കും. ഇവ എൻഡ് ടു എൻഡ് എൻക്രിപ്റ്റായി തുടരുമെന്നും വാട്സ്ആപ്പ് ഉറപ്പാക്കുന്നു. പ്രധാനപ്പെട്ട ചാറ്റുകൾ പിൻ ചെയ്ത് ചാറ്റ് ലിസ്റ്റിന്റെ ഏറ്റവും മുകളിൽ പിൻ ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യം നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുള്ളതാണ്. ഹോം വിൻഡോയിൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള ഈ ഫീച്ചറിനെ അനുകരിച്ചുകൊണ്ടാണ് ഒരു ചാറ്റിന്റെ മുകളിൽ മെസേജ് പിൻ ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സന്ദേശം 30 ദിവസം വരെ ചാറ്റിൽ പിൻ ചെയ്യാൻ കഴിയും. അതേസമയം, ഒരു സമയം ഒരു ചാറ്റ് മാത്രമേ പിൻ ചെയ്യാൻ കഴിയൂ. പുതിയ ഫീച്ചർ ഉപയോക്താക്കൾക്കായി പുറത്തിറക്കിയതായി ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് പ്രഖ്യാപിച്ചത്. ചാറ്റുകൾക്കിടയിലെ പ്രധാനപ്പെട്ട വിലാസം, തീയതി അല്ലെങ്കിൽ ഫോൺ നമ്പർ പോലുള്ള പ്രധാന ഡീറ്റെയിൽസ് ചൂണ്ടിക്കാണിക്കാനും പഴയ സന്ദേശങ്ങളിലേക്ക് പെട്ടെന്ന് എത്താനും പുതിയ ഫീച്ചർ സഹായിക്കുന്നു. ഏഴ് ദിവസമാണ് ഡിഫോൾട്ട് ദൈർഘ്യം. ഇതിന് പുറമേ 24 മണിക്കൂർ അല്ലെങ്കിൽ 30 ദിവസം ഓപ്ഷനുകളും തെരഞ്ഞെടുക്കാം.
ഇങ്ങനെ പിൻ ചെയ്ത് വെയ്ക്കുന്ന മെസേജുകൾ എപ്പോൾ വേണമെങ്കിലും അൺപിൻ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ മെസേജുകൾ പിൻ ചെയ്യാനുള്ള കഴിവ് അഡ്മിൻമാർക്കോ അംഗങ്ങൾക്കോ നൽകണോയെന്ന് അഡ്മിന് തീരുമാനിക്കാം. വാട്സ്ആപ്പിന്റെ എതിരാളികളായ ടെലിഗ്രാമും ഐമെസേജും ഇതിനകം ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ ഒരു മെസേജ് എങ്ങനെ പിൻ ചെയ്യാം എന്ന് ഇതാ
ആദ്യം പിൻ ചെയ്യേണ്ട മെസേജ് ടാപ്പ് ചെയ്ത് പിടിക്കുക. തുടർന്ന് ലഭ്യമാകുന്ന മെനുവിൽ നിന്ന് മോർ ഓപ്ഷൻസ് തെരഞ്ഞെടുക്കുക. ശേഷം പിൻ എന്നത് സെലക്ട് ചെയ്യുക. പിൻ ഡ്യൂറേഷൻ തിരഞ്ഞെടുക്കുക. ശേഷം കൺഫോം ചെയ്യുക.
ഐഫോണിൽ വാട്സ്ആപ്പ് മെസേജ് പിൻ ചെയ്യാനുള്ള വഴി
പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദേശം ടാപ്പുചെയ്ത് പിടിക്കുക. ദൃശ്യമാകുന്ന മെനുവിൽ നിന്ന് മോർ ഓപ്ഷൻസ് ടാപ്പ് ചെയ്യുക. പിൻ സെലക്ട് ചെയ്യുക. ശേഷം ആവശ്യമുള്ള ദൈർഘ്യം തിരഞ്ഞെടുക്കുക (24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 30 ദിവസം). തുടർന്ന് കൺഫോം ചെയ്യുക.
വാട്സ്ആപ്പ് മെസേജ് വെബിലും ഡെസ്‌ക്‌ടോപ്പിലും പിൻ ചെയ്യാനുള്ള വഴി
പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദേശം തിരഞ്ഞെടുക്കുക. ത്രീ ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് പിൻ മെസേജ് സെലക്ട് ചെയ്യുക. ശേഷം ദൈർഘ്യം തിരഞ്ഞെടുക്കുക (24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 30 ദിവസം), തുടർന്ന് കൺഫോം ചെയ്യുക.
പിൻ ചെയ്ത മെസേജ് അൺപിൻ ചെയ്യുന്നതെങ്ങനെയെന്നത് ഇതാ
പിൻ ചെയ്‌ത മെസേജിൽ ടാപ്പ് ചെയ്ത് പിടിക്കുക. മെനുവിൽ നിന്ന് അൺപിൻ തിരഞ്ഞെടുക്കുക. സ്ഥിരീകരിക്കാൻ വീണ്ടും അൺപിൻ ടാപ്പ് ചെയ്യുക. ഐഫോണിലും വെബ് പതിപ്പിലും ഇതേരീതയിൽ പിൻ ചെയ്ത മെസേജുകൾ അൺപിൻ ചെയ്യാൻ സാധിക്കും.