ഡൽഹി: രാജ്യത്തെ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് വിദേശ നമ്പറുകളിൽ നിന്നുള്ള സ്പാം കോളുകൾ നിരന്തരം ലഭിക്കുന്ന സാഹചര്യത്തിൽ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് ഉടൻ തന്നെ അന്വേഷണം ആരംഭിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തട്ടിപ്പിന് ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ നൽകുന്ന ടെലികോം സേവന ദാതാക്കളുടെ വിവരങ്ങൾ കൈമാറാൻ കേന്ദ്രസർക്കാർ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിവരങ്ങൾ വാട്സ്ആപ്പ് കേന്ദ്രത്തിന് കൈമാറിയേക്കുമെന്നാണ് സൂചന.
വ്യാജ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതോടെ, പ്രസ്തുത അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വിദേശ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്നവർക്ക് വാട്സ്ആപ്പ്, ടെലഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ നിർമ്മിക്കാൻ സാധിക്കും. ഈ ആനുകൂല്യം തട്ടിപ്പുകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇത് അടിസ്ഥാനപ്പെടുത്തിയാണ് തുടരന്വേഷണം ആരംഭിക്കുക. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിദേശ നമ്പറുകളിൽ നിന്നുള്ള സ്പാം കോളുകൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്.