ന്യൂഡല്‍ഹി : സ്വകാര്യ സന്ദേശങ്ങളോ സെന്‍സിറ്റീവ് ലൊക്കേഷന്‍ ഡാറ്റയോ ഫേസ്ബുക്കുമായി പങ്കിടില്ലെന്ന് ആവര്‍ത്തിച്ച് വാട്‌സ്‌ആപ്പ് തങ്ങളുടെ സ്വകാര്യതാ നയം വ്യക്തമാക്കുന്ന വിശദീകരണം പുറത്തിറക്കി. വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കീഴിലുളള കമ്പനികളുമായും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പുതിയ പോളിസി അപ്‌ഡേറ്റിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനമാണുയരുന്നത്. ഈ സാഹചര്യമാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
“ചില കിംവദന്തികള്‍ പ്രചരിക്കുന്നതിനാല്‍, ഞങ്ങള്‍ക്ക് ലഭിച്ച ചില സാധാരണ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്വകാര്യമായി ആശയവിനിമയം നടത്താന്‍ ആളുകളെ സഹായിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഞങ്ങള്‍ ഏതറ്റം വരേയും പോകും. പുതിയ നയം സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങള്‍ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല,” എന്നാണ് കമ്പനിയുടെ വിശദീകരണം.