സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ അവരുടെ വാട്സ്ആപ്പ്ഉപയോഗം കൂടുതൽ എളുപ്പമാക്കാൻ പുതിയ സെർച്ച് ബാർ ഫീച്ചർ വരുന്നു. ആളുകളെ അവരുടെ യൂസർനെയിം ഉപയോഗിച്ച് സെർച്ച് ചെയ്യാനും കണ്ടെത്താനുമുളള ഓപ്ഷൻ അവതരിപ്പിക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. ആളുകളുടെ പഴ്സണൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇപ്പോൾ വാട്സ്ആപ്പിൽ അവരെ തിരയുകയും കണ്ടെത്തുകയും ചെയ്യുന്നത്. എന്നാൽ യൂസർനെയിം ഉപയോഗിച്ച് സെർച്ച് ചെയ്യാനുള്ള ഓപ്ഷൻ എത്തുന്നതോടെ നമ്പർ ഇല്ലാതെ തന്നെ ആളുകൾക്ക് സുഹൃത്തുക്കളുമായും കോണ്ടാക്ടുകളുമായും കാര്യക്ഷമമായി കണക്ടാകാൻ സാധിക്കും എന്നാണ് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ ഫീച്ചർ എത്തുന്നതോടെ പേരോ, യൂസർനെയിമോ, ഫോൺ നമ്പറോ ഉപയോഗിച്ച് ആളുകളെ തിരയാൻ സാധിക്കും എന്നതിന്റെ സ്ക്രീൻഷോട്ടും വാബീറ്റഇൻഫോ പങ്കുവച്ചു. ഉടൻ വരാനിരിക്കുന്ന ഈ ഫീച്ചർ ഒരു യൂസർനെയിം സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. തങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താൻ താൽപര്യമില്ലാത്തവർക്ക് യൂസർ നെയിം സൃഷ്ടിക്കാം. ഈ യൂസർനെയിം ഉപയോഗിച്ച് മറ്റുള്ളവർക്ക് അയാളുമായി ബന്ധപ്പെടാൻ സാധിക്കും. ഇവിടെ ഒരാളെ വാട്സ്ആപ്പിൽ ബന്ധപ്പെടാൻ അയാളുടെ ഫോൺ നമ്പർ ആവശ്യമായി വരുന്നില്ല. സ്വകാര്യത ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഫീച്ചർ ഏറെ ഉപകാരപ്പടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നമ്പർ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഭയക്കേണ്ടിവരുന്നില്ല.
യൂസർനെയിം കോൺഫിഗറേഷൻ പൂർണ്ണമായും ഓപ്ഷണൽ ആണ്. അതായത് ആളുകൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം യൂസർനെയിം ക്രിയേറ്റ് ചെയ്താൽമതി. അല്ലെങ്കിൽ നിലവിലെ രീതിയിൽ ഫോൺ നമ്പർ തന്നെ ഉപയോഗിച്ചും മുന്നോട്ട് പോകാം. തീരുമാനം എടുക്കാനുള്ള അവകാശം ഉപയോക്താവിന് വിട്ടുനൽകിയിരിക്കുന്നു. യൂസർനെയിമിന് മേൽ ഉപയോക്താവിന് പൂർണ നിയന്ത്രണം ഉണ്ടാകും. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും തങ്ങളുടെ യൂസർനെയിം സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ മാറ്റംവരുത്താനോ ഉള്ള ഓപ്ഷനും ഉണ്ടാകുമെന്നും ഇത് ഈ ഫീച്ചറിന് മേൽ ഉപയോക്താവിന് പൂർണ്ണ നിയന്ത്രണം നൽകുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ മുൻഗണനകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി സ്വകാര്യത സെറ്റിങ്സ് ക്രമീകരിക്കാൻ കഴിയുമെന്ന് ഈ ഫീച്ചർ ഉറപ്പാക്കുന്നു. സെർച്ച് ബാറിൽ യൂസർനെയിം സെർച്ച് ചെയ്യാനുള്ള ഫീച്ചർ ഇപ്പോഴും വികസന ഘട്ടത്തിലാണ്. വാട്സ്ആപ്പിന്റെ ഭാവി അപ്ഡേറ്റിൽ ഈ ഫീച്ചർ അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചർ ലഭ്യമാകുമോ എന്നത് നിലവിൽ വ്യക്തമല്ല. എന്തായാലും വരാൻ പോകുന്ന വാട്സ്ആപ്പ് ഫീച്ചറുകളിൽ ഏറ്റവുമധികം പേർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ യൂസർനെയിം ഫീച്ചറിനുവേണ്ടിയാകും.
ഉപയോക്താക്കൾക്കായി തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുള്ള വാട്സ്ആപ്പ് അടുത്തിടെ സീക്രട്ട് കോഡ് ഫീച്ചർ പുറത്തിറക്കിയിരുന്നു. ഇത് ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ലോക്ക് ചെയ്ത് വച്ചിരിക്കുന്ന പഴ്സണൽ ചാറ്റുകൾ സീക്രട്ട് കോഡ് ഉപയോഗിച്ച് കുറച്ചുകൂടി ശക്തമായും സുരക്ഷിതമായും മറച്ച് വെയ്ക്കാൻ സാധിക്കും. രഹസ്യ ചാറ്റുകൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു പാസ്‌വേഡായി സീക്രട്ട് കോഡ് പ്രവർത്തിക്കും. ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകൾക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാൻ സീക്രട്ട് കോഡ് ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. പിന്നീട് വാട്സ്ആപ്പിന്റെ സെർച്ച് ബാറിൽ ഈ രഹസ്യ കോഡ് കൃത്യമായി നൽകിയാൽ മാത്രമേ ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകൾ കാണാൻ സാധിക്കൂ. ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളിലെ ചാറ്റുകളും ഇതുവഴി ലോക്ക് ചെയ്യാൻ കഴിയും.
ചാറ്റ് സ്ക്രീൻ താഴേക്ക് വലിച്ചാൽ ലോക്ക്ഡ് ചാറ്റ്സ് കാണാം. അവിടെനിന്ന് സീക്രട്ട് കോഡ് നൽകി ഒളിപ്പിക്കേണ്ട ചാറ്റ് ഓപ്പൺ ചെയ്യുക. തുടർന്ന് ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. ചാറ്റ് ലോക്ക് സെറ്റിങ്സ് ടാബിന് കീഴിൽ, ‘Hide locked chats’ ഓപ്ഷൻ ഓണാക്കുക. തുടർന്ന് സീക്രട്ട് കോഡ് സൃഷ്ടിക്കുക. ഓർക്കാൻ എളുപ്പമുള്ള എന്തെങ്കിലും നമ്പരോ ചിഹ്നങ്ങളോ വേണം നൽകാൻ, കാരണം നമ്പർ റീസെറ്റ് ചെയ്യേണ്ടിവന്നാൽ ലോക്ക് ചാറ്റുകൾ നഷ്ടമാകും. ഇങ്ങനെ നമ്പർ നൽകുന്നതോടെ ലോക്ക് ചെയ്ത ചാറ്റുകൾ പ്രധാന ചാറ്റ് വിൻഡോയിൽനിന്ന് അപ്രത്യക്ഷമാകും. തുടർന്ന് ഈ ലോക്ക് ചെയ്ത ചാറ്റുകൾ കാണണമെങ്കിൽ സെർച്ച് ബാറിൽ സീക്രട്ട് കോഡ് നൽകേണ്ടതുണ്ട്.