ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) നിരവധി മികച്ച സേവനങ്ങള്‍ നല്‍കുന്നുണ്ട്. ചില പോരായ്മളുമുണ്ട്. ഇത്തരത്തിൽ വാട്സ്ആപ്പിന്റെ പോരായ്മകളിൽ ഒന്നാണ് അയക്കുന്ന വീഡിയോകളുടെ ക്വാളിറ്റി കുറയുന്നുവെന്നത്. അതുകൊണ്ട് തന്നെ വീഡിയോകൾ മികച്ച ക്വാളിറ്റിയിൽ അയക്കാൻ മറ്റ് പല പ്ലാറ്റ്ഫോമുകളെയും നമ്മൾ ആശ്രയിക്കുന്നുണ്ട്. ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാക്കുകയാണ് ഇപ്പോള്‍ വാട്സ്ആപ്പ്. വൈകാതെ തന്നെ വാട്സ്ആപ്പിലൂടെ ഉയർന്ന ക്വാളിറ്റിയിൽ വീഡിയോകൾ അയക്കാൻ സാധിക്കും എന്നാണ് ഇപ്പോള്‍ കമ്പനി നല്‍കുന്ന വിശദീകരണം. ഉടന്‍തന്നെ എച്ച് ഡി വീഡിയോ അയക്കാനുള്ള ഫീച്ചര്‍ വാട്‌സാപ്പ് നല്‍കും.
ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട മൾട്ടിമീഡിയ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്‌ഡി വീഡിയോകൾ അയയ്‌ക്കാനുള്ള ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നത്. നിലവിൽ ബീറ്റാ ഘട്ടത്തിലാണെങ്കിലും തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ പരീക്ഷിച്ചുനോക്കാവുന്നതാണ്. എച്ച്ഡി ഫോട്ടോകൾ അയക്കാനുള്ള ഫീച്ചർ കുറച്ച് കാലം മുമ്പാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇതിന് സമാനമായിട്ടാണ് പുതിയ എച്ച്ഡി വീഡിയോകൾ അയക്കാനുള്ള ഫീച്ചറും വരുന്നത്. വാട്സ്ആപ്പിൽ വരാനിരിക്കുന്ന ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിടുന്ന വെബ്സൈറ്റായ വാബെറ്റഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഹൈ ക്വാളിറ്റി വീഡിയോകൾ അയക്കാൻ സഹായിക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത വാട്സ്ആപ്പ് പതിപ്പിൽ ആപ്പിന്റെ ഡ്രോയിങ് എഡിറ്ററിൽ ഒരു ‘HD’ എന്ന ബട്ടൺ ഉണ്ടായിരിക്കും. ഈ ബട്ടൺ ഉപയോഗിച്ചാവും നിങ്ങള്‍ക്ക് ക്വളിറ്റിയുള്ള വീഡിയോകള്‍ കൈമാറാന്‍ കഴിയുക. അതായത് നിങ്ങൾ വീഡിയോ അയയ്‌ക്കുന്നതിന് മുമ്പ് തന്നെ രണ്ട് വീഡിയോ ക്വാളിറ്റി സെറ്റിങ്സ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. സ്റ്റാൻഡേർഡ്, എച്ച്ഡി എന്നിവയാണ് ഈ ഓപ്ഷനുകൾ.
നിലവില്‍ ഡാറ്റ ഉപയോഗവും സ്റ്റോറേജ് സ്പേസ് ഉപയോഗവും കുറയ്ക്കാനായി വാട്സ്ആപ്പ് ഡിഫോൾട്ടായി വീഡിയോകൾ കംപ്രസ് ചെയ്യുന്നു. എന്നിരുന്നാലും എച്ച്ഡി ഓപ്ഷൻ തിരഞ്ഞെടുത്താൽ ഉപയോക്താക്കൾക്ക് ഉയർന്ന ക്വാളിറ്റിയിൽ തന്നെ വീഡിയോകൾ അയയ്‌ക്കാൻ സാധിക്കും. നമ്മൾ അയക്കുന്ന സ്റ്റാൻഡേർഡ് ക്വാളിറ്റിയിലുള്ള ഒരു വീഡിയോയ്ക്ക് 416 x 880 പിക്സസും 6.3 എംബി വലുപ്പവും ഉണ്ടെങ്കിൽ എച്ച്ഡി പതിപ്പിന് 608 x 1296 പിക്സൽ അളവുകളും 12 എംപി വലുപ്പവും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പുതിയ ഫീച്ചർ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ അവരുടെ ആൻഡ്രോയിഡ് വാട്സ്ആപ്പ് ബീറ്റ വേർഷൻ 2.23.14.10ലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ വാട്സ്ആപ്പ് ബീറ്റ പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ ഈ പുതിയ ഫീച്ചർ ഉപയോഗിക്കാൻ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. വാട്സ്ആപ്പ് ഇപ്പോൾ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ കോൺടാക്റ്റുകളുമായി 100 ഫോട്ടോകൾ വരെ ഷെയർ ചെയ്യാനുള്ള സൗകര്യവും നൽകുന്നുണ്ട്. ഈ സവിശേഷത ആപ്പിന്റെ സ്റ്റേബിൾ പതിപ്പിൽ ഇതുവരെ എത്തിയിട്ടില്ല. ആളുകൾക്ക് ഒറ്റയടിക്ക് ധാരാളം ഫോട്ടോകൾ ഷെയർ ചെയ്യുന്നത് എളുപ്പമാക്കാൻ ഈ ഫീച്ചർ സഹായിക്കും. നിലവിൽ ഒരുമിച്ച് അയക്കാവുന്ന ഫോട്ടോകളുടെ ലിമിറ്റ് 30 ആണ്.