ബെംഗളൂരു: സനാതന ധര്‍മത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കര്‍ണാടകയില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ തന്നോട് ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതുവലിയ വിവേചനമാണെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. “ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ ആവശ്യപ്പെട്ടു. ഞാൻ ക്ഷേത്രത്തിൽ കയറാൻ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. ചിലരോട് മാത്രമാണ് അവര്‍ ഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുന്‍പില്‍ എല്ലാവരും സമന്‍മാരാണ്” സാമൂഹിക പരിഷ്കർത്താവായ നാരായണ ഗുരുവിന്‍റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസ്താവന വലിയ വിവാദമാവുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പ്രവേശിക്കണമെങ്കില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് അഴിച്ചുമാറ്റണമെന്നും ഷോള്‍ പോലുള്ള അംഗവസ്ത്രം മാത്രമേ ധരിക്കാവൂ എന്നും ചിലര്‍ വാദിച്ചു. കേരളം മാത്രമല്ല, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്. കോണ്‍ഗ്രസ് എപ്പോഴും ഹിന്ദുവിരുദ്ധമാണെന്നും ഒരു പ്രത്യേക സമുദായത്തെ പ്രീതിപ്പെടുത്താനാണ് നേതാക്കള്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്ന് ബെംഗളൂരു സെന്‍ട്രല്‍ ബി.ജെ.പി എം.പി പി.സി മോഹന്‍ പറഞ്ഞു. “കേരളത്തിലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഷർട്ട് ധരിക്കാൻ പാടില്ല.ആയിരക്കണക്കിന് വര്‍ഷങ്ങളായി പിന്തുടരുന്നൊരു രീതിയാണിത്. ചില ക്ഷേത്രങ്ങളില്‍ ജീന്‍സും ഷോര്‍ട്സും അനുവദനീയമല്ല. നേരത്തെ നമ്മളെല്ലാവരും മുണ്ട് ധരിക്കുമായിരുന്നു. ഒരു ഡ്രസ് കോഡുണ്ടായിരിക്കുന്നത് നല്ലതാണ്” മോഹന്‍ കൂട്ടിച്ചേര്‍ത്തു.