ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ചുകൊണ്ട് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, കേന്ദ്ര സർക്കാർ നയങ്ങൾ സ്വകാര്യ കമ്പനികൾക്ക് എങ്ങനെയെല്ലാം ഗുണം ചെയ്തുവെന്ന് സി.എ.ജി ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മനഃപൂർവമായ അവഗണനയോ ഒത്തുകളിയോ ഉണ്ടായിട്ടുണ്ടോ എന്ന് കേന്ദ്ര വിജിലൻസ് കമ്മീഷനും സി.ബി.ഐയും അന്വേഷിക്കണമെന്നും പ്രതിപക്ഷ പാർട്ടി ആവശ്യപ്പെട്ടു. ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഒരു വശത്ത് മോദി സർക്കാർ നികുതി ഭാരം വർധിപ്പിക്കുകയും ജനങ്ങളുടെ പോക്കറ്റുകൾ കൊള്ളയടിക്കുകയും ചെയ്യുന്നു. മറുവശത്ത് സ്വകാര്യ-സർക്കാർ എണ്ണക്കമ്പനികൾ ലാഭം കൊയ്യുന്നു! ഇത് തുറന്ന സാമ്പത്തിക ചൂഷണമാണ്. ഇതാണ് സത്യം. 2014 മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് തീരുവ 9.20 രൂപയും ഡീസലിന് 3.46 രൂപയുമായിരുന്നു. ഇപ്പോൾ മോദി സർക്കാറിൽ പെട്രോളിന് 19.90 രൂപയും ഡീസലിന് 15.80 രൂപയുമാക്കി. 357ശതമാനവും 54ശതമാനവും വർധനവാണിത്!’-കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ പെട്രോളിയം മേഖലയിൽ നിന്ന് സർക്കാർ 39.54 ലക്ഷം കോടി രൂപ സമ്പാദിച്ചുവെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. എന്നിട്ടും ജനങ്ങൾക്ക് ഒരു ആശ്വാസവും നൽകിയില്ല. 2014 മെയ് മാസത്തിൽ ക്രൂഡ് ഓയിൽ ബാരലിന് 108 യു.എസ് ഡോളറായിരുന്നു. ഇന്നത് 65.31 യു.എസ് ഡോളറാണ്. അതായത് 40 ശതമാനം വിലകുറഞ്ഞു. എന്നിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില യു.പി.എ കാലഘട്ടത്തേക്കാൾ കൂടുതലാണെന്നും രമേശ് പറഞ്ഞു. ‘2014 ൽ ഡൽഹിയിൽ പെട്രോളിന് 71.41 രൂപയും ഡീസലിന് ലിറ്ററിന് 55.49 രൂപയുമായിരുന്നു. ഇന്ന് അതേ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്. പൊതുജനങ്ങളെ പരസ്യമായി കൊള്ളയടിക്കുകയാണ്. ആർക്കാണ് ഇതിന്റെ പ്രയോജനം? സർക്കാർ കമ്പനികൾക്കൊപ്പം സ്വകാര്യ എണ്ണക്കമ്പനികളും ശുദ്ധീകരണത്തിലൂടെയും വിപണനത്തിലൂടെയും വലിയ ലാഭം നേടുന്നുണ്ടെന്നും അതേസമയം സാധാരണക്കാർക്ക് വിലകൂടിയ പെട്രോളിന്റെയും ഡീസലിന്റെയും ഭാരം ചുമത്തുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.പ്രശ്നം ഗുരുതരമാണ്.
സർക്കാർ നയങ്ങൾ ഈ സ്വകാര്യ കമ്പനികൾക്ക് എങ്ങനെ ഗുണം ചെയ്തുവെന്ന് സി.എ.ജി ഓഡിറ്റ് ചെയ്യണം. ഇതിൽ മനഃപൂർവമായ അവഗണനയോ ഗൂഢാലോചനയോ ഉണ്ടായിരുന്നോ എന്ന് സി.വി.സിയും സിബിഐയും അന്വേഷിക്കണം. പൊതുജനങ്ങളുടെ പണത്തിന് കണക്കു പറയേണ്ടതുണ്ട്. ഇതിന്റെ ഉത്തരവാദിത്തം നിശ്ചയിക്കണം -അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എണ്ണക്കമ്പനികൾ വലിയ നേട്ടം കൊയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ജനങ്ങൾക്ക് വില കുറക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടും കോൺഗ്രസ് ജനറൽ സെക്രട്ടറി പങ്കുവെച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധനയെച്ചൊല്ലി കോൺഗ്രസ് കഴിഞ്ഞയാഴ്ച സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഇതുവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ ‘താരിഫുകൾക്ക്’ ഉചിതമായ മറുപടി നൽകിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ‘സർക്കാർ കൊള്ള’ എന്ന മറ്റൊരു സമ്മാനം നൽകിയിട്ടുണ്ടെന്നും ഗാന്ധി പറഞ്ഞിരുന്നു.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 2 രൂപ വീതവും പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് ലിറ്ററിന് 10 രൂപയായും ഉയർത്തിയതിനു പിന്നാലെയാണിത്.