ദില്ലി : സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം സ്വന്തമാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാതെ ബി ജെ പി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിളക്കമാർന്ന ജയത്തിന് ശേഷം പുതിയ മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ കരുതലോടെയുള്ള തീരുമാനത്തിലെത്താനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം എന്നാണ് വ്യക്തമാകുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ആരൊക്കെയാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് ബി ജെ പി ദേശീയ നേതൃത്വം നടത്തുന്നത്. പഴയ പടക്കുതിരകൾ മതിയോ പുതുമുഖങ്ങളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കണോ എന്ന കാര്യത്തിലടക്കമാണ് ചർച്ച നടക്കുന്നത്. മുഖ്യമന്ത്രിമാർക്കായുള്ള ചർച്ചകളിൽ 3 സംസ്ഥാനങ്ങളിലും പുതുമുഖങ്ങളെ ബി ജെ പി പരിഗണിക്കുന്നതായുള്ള സൂചനകളടക്കം പുറത്തുവന്നിട്ടുണ്ട്.
ഇന്ന് 3 സംസ്ഥാനങ്ങളിലേ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് ബി ജെ പിയിൽ നിന്നും പുറത്തുവരുന്നത്. മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി ഡോ. രമൺ സിംഗ് എന്നിവർ വീണ്ടും മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബി ജെ പി ദേശീയ നേതൃത്വത്തിന്‍റേതാകും. ഛത്തീസ്ഗഡിലും വനിതാ മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നതടക്കമുള്ള സാധ്യതകളും നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഇന്ന് അന്തിമ ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.