ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് അതിവേഗം പടര്‍ന്ന് പിടിക്കുമ്പോള്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ വാക്സിന് ഫലപ്രദമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൃത്യമായ വിവരങ്ങളൊന്നും ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ലബോറട്ടറിയില്‍ നടത്തിയ പഠനത്തില്‍ ആന്റിബോഡികളെ പോലും അതിജീവിക്കാന്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന് കഴിയുമെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടക്കേണ്ടിയിരിക്കുന്നു. ഫൈസര്‍, മോഡേണ വാക്സിനുകള്‍ ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസ് ബാധിക്കുന്നത് മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ കുറക്കുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച B.1.17 വകഭേദമാണ് യു.കെയില്‍ കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ജനിതകമാറ്റം സംഭവിച്ച B.1.617 കൊറോണ വൈറസ് ഇന്ത്യയില്‍ കണ്ടെത്തി. ഇപ്പോള്‍ ഈ വൈറസിന് വീണ്ടും ജനിതകമാറ്റം വന്നിരിക്കുകയാണ്. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയായ B.1.617.1, B.1.617.2.വൈറസുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ പടരുന്നത്. പ്രാഥമികമായ പരീക്ഷണങ്ങളില്‍ ഇത് അതിവേഗത്തില്‍ പടരുമെന്ന് വ്യക്തമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു.