വാഷിംഗ്ടണ്‍ : കോവിഡ് 19 ന് ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് തലവന്‍ ഡോ. മൈക് റിയാനാണ് ഇക്കാര്യം പറഞ്ഞത്. ചൈനയില്‍ രോഗം പൊട്ടിപുറപ്പെട്ടതിന് ശേഷം ഇതിനകം 10 ലക്ഷത്തോളം ആളുകളാണ് മരിച്ചത്. 3.2 കോടി ജനങ്ങള്‍ കോവിഡ് ബാധിതരാണ്. അതിനിടെ രോഗ വ്യാപനം വീണ്ടും ശക്തമായതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയിലെ ആരോഗ്യ മന്ത്രി രാജിവെച്ചു. രോഗം വീണ്ടും വ്യാപിക്കാന്‍ കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മന്ത്രി മില്‍ക്കാക്കോസ് രാജിവെച്ചു.
‘ചില സ്ഥലങ്ങളില്‍ അസ്വസ്തതയുണ്ടാക്കുന്ന തരത്തില്‍ രോഗം വീണ്ടും വര്‍ധിക്കുകയാണ്.’ മൈക്ക് റിയാന്‍ പറഞ്ഞു. യുറോപ്പിലെ വിവിധ ഭാഗങ്ങളില്‍ രോഗം വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ‘രോഗ വ്യാപനം തടയുന്നതിനുള്ള അവസാനത്തെ ആശ്രയമാണ് ലോക്ഡൗണ്‍. അതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിഞ്ഞുവോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റിംങ്, ട്രേസിംങ്, ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കിയോ എന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുത്തുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചികില്‍സ സമ്ബ്രദായങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങിയതോടെ, മരണ നിരക്കില്‍ കുറവുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്.
യുഎസ്, ഇന്ത്യ ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ രോഗ വ്യാപനം ഏറ്റവും കൂടുതലായിട്ടുള്ളത്. ഈ മൂന്ന് രാജ്യങ്ങളില്‍നിന്ന് ഒന്നര കോടി ആളുകള്‍ക്കാണ് ഈ രാജ്യങ്ങളില്‍ മാത്രം രോഗ ബാധിതരായിട്ടുള്ളത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 70 ലക്ഷം ആയി. അമേരിക്കയിലും ഇന്ത്യയിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുകയാണ്.