ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രാജി വെക്കുകയാണെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് ആരാകും കെജ്രിവാളിന്റെ പിൻഗാമിയാകുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റായ്, ഇംറാൻ ഹുസൈൻ എന്നിവരുടെ പേരുകളാണ് കെജ്രിവാളിന്റെ പിൻഗാമിയായി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. കെജ്രിവാളിന്റെ ഭാര്യ സുനിതയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും എം.എൽ.എ അല്ലാത്തതിനാൽ സാധ്യത കുറവാണ്. ദലിത് നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി എ.എ.പി നിയമിക്കുക എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കും മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യത കൽപിക്കുന്നുണ്ട് ചിലർ. ഡൽഹി സർക്കാറിന്റെ കാലാവധി 2025 ഫെബ്രുവരി 11നാണ് അവസാനിക്കുക. 2020 ഫെബ്രുവരി എട്ടിനാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് 70 ഉം ബി.ജെ.പിക്ക് 62ഉം സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി ബി.ജെ.പി ഭരണം പിടിക്കുന്നതിന് തടയിടാനാണ് കെജ്രിവാൾ തിരക്കിട്ട് രാജി പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന കെജ്രിവാളിന് വെള്ളിയാഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. നിരപരാധിയായിട്ടും ജയിലിൽ കിടക്കേണ്ടി വന്നു എന്ന സഹതാപ തരംഗം തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് എ.എ.പിയുടെ കണക്കുകൂട്ടൽ.