ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മ്മിത ജലദോഷ, ചുമ സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരിക്കാനിടയാകുകയും ഗുരുതരമായ വൃക്ക പ്രശ്‌നങ്ങളുണ്ടായതിന് ഈ മരുന്നുകളുമായി ബന്ധമുണ്ടെന്ന സാധ്യത കണക്കിലെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഗാംബിയയിലേക്ക് നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന ചുമ, ജലദോഷ സിറപ്പുകള്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് സിഡിഎസ്സിഒ ഉത്തരവിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ച താല്‍ക്കാലിക ഫലങ്ങള്‍ അനുസരിച്ച് പരിശോധിച്ച 23 സാമ്പിളുകളില്‍ നാല് സാമ്പിളുകളില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
മരുന്നുകളുടെ വിശകലന സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് ലഭ്യമാക്കുമെന്നും അവരിത് ഇന്ത്യയുമായി പങ്കിടുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചുമ, ജലദോഷം എന്നിവയുടെ സിറപ്പുകളാണ് നാല് മരുന്നുകളും. ഇന്ത്യയിലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ഡബ്ല്യുഎച്ച്ഒ കൂടുതല്‍ അന്വേഷണം നടത്തുന്നു.