ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപ്പിച്ച് എം.എം. മണി എം.എൽ.എ. രാജ്ഭവൻ മാർച്ചിന് മുന്നോടിയായി എൽ.ഡി.എഫ് കട്ടപ്പന മണ്ഡലം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എം. മണി പ്രസംഗിച്ചതിങ്ങനെ: ‘‘ഭൂനിയമഭേദഗതി ബില്ലിൽ ഒപ്പിടാത്ത നാറിയെ കച്ചവടക്കാർ ഇടുക്കിയിലേക്ക് ക്ഷണിച്ച് പൊന്നുകൊണ്ട് പുളിശ്ശേരി വെക്കുക എന്നാൽ ശുദ്ധ മര്യാദകേടാണെന്നാണ് എന്റെ അഭിപ്രായം. കച്ചവടക്കാർ ജനങ്ങളുടെ ഭാഗമല്ലേ. ഭൂപ്രശ്നം വ്യാപാരികളെയും ബാധിക്കുന്നതല്ലേ. ഒപ്പിടാതിരിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. അയാളെ എന്തിനാ ഇങ്ങോട്ട് ക്ഷണിക്കുന്നത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവർണർ.
അയാളെ പിടിച്ച് ഇവിടെ കൊണ്ടുവന്ന് വിരുന്നൂട്ടുന്നത് ശരിയല്ല. വല്ലയിടത്തും കിടക്കുന്ന വായിനോക്കിയെയാണ് ഗവർണറായി വെക്കുന്നത്. അതിൽ മാന്യന്മാരുമുണ്ടെന്നത് ശരിതന്നെ. കേരളത്തിന്റെ താൽപര്യങ്ങൾ കേന്ദ്രം തകർക്കുകയാണ്. അതിന് കൂട്ടുപിടിക്കുന്ന ഗവർണർക്ക് ചെലവിന് കൊടുക്കുന്നത് നരേന്ദ്ര മോദിയല്ല; നമ്മുടെ ഖജനാവാണ് ഈ നാറിയെയെല്ലാം പേറുന്നത്. എന്നിട്ടാണ് കച്ചവടക്കാർ അയാളെ വിളിച്ച് സ്വീകരണം കൊടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.