ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്ന വിശേഷണമാണ് ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിനുള്ളത്. ആറ് ആഴ്‌ചകള്‍ നീണ്ട് ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ പതിനെട്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ലോക്‌സഭ ഇലക്ഷന്‍ ഇത്രയധികം നാളുകള്‍ നീളാന്‍ കാരണം എന്താണ്? ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 4 വരെ ഏഴ് ഘട്ടമായാണ് നടക്കുന്നത്. ഇത്തവണ നീണ്ട 44 ദിവസമാണ് തെരഞ്ഞെടുപ്പ് ദിനങ്ങള്‍. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ദൈര്‍ഘ്യം പരിഗണിച്ചാല്‍ ഏറ്റവും വലിയ രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. നാല് മാസം നീണ്ടുനിന്ന 1951-52 പൊതു തെരഞ്ഞെടുപ്പാണ് മുന്നില്‍.
വോട്ടര്‍മാരുടെ എണ്ണം
140 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത് എന്നാണ് കണക്കുകള്‍. ഇതില്‍ 97 കോടിയോളം വോട്ടര്‍മാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയിലുണ്ട്. ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി ആറ് ആഴ്‌ചകള്‍ നീണ്ടുനില്‍ക്കാന്‍ പ്രധാന കാരണം വോട്ടര്‍മാരുടെ ഈ ഹിമാലയന്‍ സംഖ്യ തന്നെ. 2019ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ നിന്ന് എട്ട് ശതമാനത്തിന്‍റെ വര്‍ധനവ് ഇക്കുറി രേഖപ്പെടുത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സങ്കീര്‍ണമാകുന്നത് സ്വാഭാവികം മാത്രം.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
രാജ്യത്തിന്‍റെ സങ്കീര്‍ണമായ ഭൂമിശാസ്ത്രമാണ് മറ്റൊരു പ്രധാന ഘടകം. പര്‍വതനിരകളും പീഠഭൂമികളും മരുഭൂമികളും നിബിഢവനങ്ങളും സമതലങ്ങളും അടക്കം വൈവിധ്യമേറിയ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തെക്ക് കന്യാകുമാരി മുതല്‍ വടക്ക് കശ്‌മീര്‍ വരെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുക വലിയ വെല്ലുവിളിയാണ്. കേന്ദ്രഭരണ പ്രദേശങ്ങളും ചെറിയ സംസ്ഥാനങ്ങളും പോലുള്ളയിടങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വോട്ടര്‍മാര്‍ കൂടുതലുള്ള ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളായി മാത്രമേ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. 10 ലക്ഷത്തിലേറെ പോളിംഗ് ബൂത്തുകള്‍ രാജ്യത്ത് ഒരുക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വെല്ലുവിളി അതിജീവിക്കുന്നത്.
സുരക്ഷയും പ്രധാനം
97 കോടിയോളം ജനങ്ങള്‍ പോളിംഗ് ബൂത്തില്‍ എത്തേണ്ട ലോക്‌സഭ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷയൊരുക്കുക പ്രധാനമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാനങ്ങളും ഇതിന് എല്ലാവിധ സഹായങ്ങളും ഒരുക്കുകയാണ് ചെയ്യാറ് പതിവ്. സമാധാനപൂര്‍വവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ കനത്ത സുരക്ഷ ഉറപ്പാക്കിയേപറ്റൂ. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ അടക്കമുള്ള പോളിംഗ് ഇടങ്ങളില്‍ ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും മറ്റ് ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക ചെറിയ ദൗത്യമല്ല.