തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി, രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തത് എന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന് കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ ഇനി എന്ത് വിധി വന്നാലും വിശ്വാസി സമൂഹത്തെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും ദേവസ്വംമന്ത്രി പറഞ്ഞു. ശബരിമല ശാന്തമാണെന്ന് പറഞ്ഞ കടകംപള്ളി 2019 ഏറ്റവും കൂടുതൽ നടവരുമാനമുണ്ടായിരുന്ന വർഷമായിരുന്നതായും ചൂണ്ടിക്കാട്ടി. ഒരു വിശ്വാസിയെപ്പോലും പോലീസ് ഒന്നും ചെയ്തിട്ടില്ല. അക്രമികൾ ആരായിരുന്നുവെന്ന് എല്ലാവർക്കുമറിയാമെന്നും കടകംപള്ളി പറഞ്ഞു.
ആരാധനാലയങ്ങളുടെ സൗകര്യം വർധിപ്പിക്കാൻ ഏറ്റവുമധികം പണം അനുവദിച്ചത് പിണറായി വിജയൻ സർക്കാരാണ്. കഴക്കൂട്ടത്തു മാത്രം 60 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നും കടകംപള്ളി പറഞ്ഞു.