റാന്നി: ഹൗസിങ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിച്ച് ഭൂമി സംരക്ഷിക്കണമെന്ന ആവശ്യവുമായി സി.പി.ഐ മാടത്തുംപടി ബ്രാഞ്ച് കമ്മറ്റി. ഇതോടെ അനധികൃത കൈയ്യേറ്റത്തിനെതിരെ മന്ത്രിക്കും ബോര്‍ഡ് ചെയര്‍മാനും നേതൃത്വം പരാതി നല്‍കി. റാന്നി മാടത്തുംപടി പെരുവയലിന് സമീപമുള്ള മൂന്ന് ഏക്കറോളം വസ്തുവാണ് സംരക്ഷണമില്ലാത്തതു മൂലം സ്വകാര്യ വ്യക്തികള്‍ കൈയ്യറി അവരുടേതാക്കി മാറ്റിയിരിക്കുന്നത്. കൈയ്യേറിയവര്‍ അവിടെ വാഴയും മരച്ചീനിയും ചേമ്പും അടക്കമുള്ള കൃഷികള്‍ നാളുകളായി ചെയ്തു വരികയാണ്. കൂടാതെ സമീപവാസി വീട്ടിലേക്ക് വഴിയും നിര്‍മ്മിച്ചിട്ടുണ്ട്. പെരുവയലിലെ സി.എം.എസ് എല്‍.പി സ്കൂളിനും സി.എസ്.ഐ പള്ളിയുടേയും സമീപത്താണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുവുള്ളത്. ഫ്ലോട്ടുകളായി തിരിച്ചിട്ടിരിക്കുന്ന വസ്തുവില്‍ കുറച്ചുഭാഗം കാടു വളര്‍ന്നു നില്‍ക്കുകയാണ്.
മുന്‍പ് വസ്തു ലേലം ചെയ്യുന്നതായി കാട്ടി പ്രദേശത്ത് ബോര്‍ഡു വന്നിരുന്നു. എതിര്‍പ്പുയര്‍ന്നതോടെ ഇത് ഒഴിവാക്കി. പിന്നീട് ഹൗസിങ് ബോര്‍ഡ് അധികൃതരാരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഇതോടെ സ്വകാര്യ വ്യക്തികള്‍ക്ക് കൈയ്യേറ്റം എളുപ്പവുമാക്കി. റാന്നിയില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലമില്ലാത്തതു മൂലം ഇപ്പോഴും വാടക കെട്ടിടത്തിലാണ് കഴിയുന്നത്. നിയമ വിധേയമായി മറ്റ് ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയാല്‍ കൈയ്യേറ്റം ഒഴിപ്പിക്കാനും ഭൂമി സംരക്ഷിക്കാനും വകുപ്പിന് കഴിയും. ബോര്‍ഡ് മുന്‍കൈയ്യെടുത്ത് കൈയ്യേറ്റം ഒഴിപ്പിച്ച് ഭൂമി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് സി.പി.ഐ രംഗത്ത് വന്നത്. യോഗത്തില്‍ ജോണ്‍ സൈമണ്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, ലോക്കല്‍ സെക്രട്ടറി സുരേഷ് അമ്പാട്ട്, സി.സി രാജന്‍, മാത്യു സൈമണ്‍, കെ.എം ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.