ഇരിങ്ങാലക്കുട : കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറയെ (56) അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പാലിയേറ്റിവ് കെയര്‍ സെക്രട്ടറി കൂടിയായ അലിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തലയ്ക്കും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ് മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്.
അലിയും സുഹറയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അലി കുളിമുറിയില്‍ തലയടിച്ച് വീണ് പരിക്കേറ്റുവെന്നാണ് സുഹറ പോലീസിനോട് പറഞ്ഞത്. അലിയുടെ ഖബറടക്കം കഴിഞ്ഞയുടന്‍ തൃശൂര്‍ റൂറല്‍ എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ സുഹറയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ സുഹറ കുറ്റം സമ്മതിച്ചു.
സംഭവ ദിവസം രാത്രി വഴക്കുണ്ടാവുകയും തന്നെ അടിക്കാന്‍ അലി കൊണ്ടുവന്ന വടി പിടിച്ചുവാങ്ങി തിരിച്ച് തലക്ക് അടിക്കുകയും ചെയ്തുവെന്ന് സുഹറ പറഞ്ഞതായി പോലീസ് അറിയിച്ചു. അടികൊണ്ട് വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്ന് ഭയന്ന് വീണ്ടും തുടരെ അടിച്ചെന്നും സുഹറ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി ചവര്‍ കൂനയില്‍ ഒളിപ്പിച്ചത് തെളിവെടുപ്പിനിടെ ഇവര്‍ പോലീസിന് കാണിച്ചുകൊടുത്തു.