പത്തനംതിട്ട: കലഞ്ഞൂരിലെ നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അഫ്സാനയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നരവര്‍ഷം മുമ്പാണ് അഫ്സാനയുടെ ഭര്‍ത്താവ് നൗഷാദിനെ കാണാതാകുന്നത്. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നൗഷാദിന്റെ മൃതദേഹം കണ്ടെടുക്കാനായില്ല. 2021 നവംബര്‍ അഞ്ചു മുതലാണ് 34 കാരനായ നൗഷാദിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നൗഷാദിന്റെ പിതാവാണ് പോലീസില്‍ പരാതി നല്‍കുന്നത്. ഇതില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അഫ്സാനയുടെ മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നി പോലീസ് അടുത്തിടെ നടത്തിയ ചോദ്യം ചെയ്യലാണ് കേസില്‍ നിര്‍ണായകമായത്. ഒരുമാസം മുമ്പ് അഫ്‌സാനയെ ചോദ്യംചെയ്തപ്പോള്‍ നൗഷാദിനെ താന്‍ അടുത്തിടെ നേരിട്ടു കണ്ടെന്ന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് അഫ്‌സാന പറഞ്ഞ സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ അഫ്‌സാനയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഭര്‍ത്താവിനെ ഒന്നരവര്‍ഷം മുന്‍പ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി മൊഴി നല്‍കിയത്. പരുത്തിപ്പാറയില്‍ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ വെച്ച് കൊലപ്പെടുത്തിയെന്നാണ് പറഞ്ഞത്. മൃതദേഹം ഏനാത്തിന് സമീപം പുഴയില്‍ ഒഴുക്കിയെന്നും യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് മൊഴി മാറ്റിയ അഫ്സാന, വീടിന് സമീപത്തെ സെമിത്തേരിക്ക് സമീപം മൃതദേഹം കുഴിച്ചിട്ടെന്ന് മാറ്റിപ്പറഞ്ഞു. ഇതേത്തുടര്‍ന്ന് സെമിത്തേരി പരിസരത്ത് രാവിലെ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.