ബാലുശ്ശേരി : കോഴിക്കോട് ഉണ്ണികുളം വീര്യമ്പ്രത്ത് വാടകവീട്ടിൽ ഉമ്മുകുൽസു (31) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് എടരിക്കോട് സ്വദേശി താജുദ്ദീൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂർ ഇരിങ്ങാവൂർ സ്വദേശികളായ ആദിത്യൻ ബിജു (19), ജോയൽ ജോർജ് (19) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാംപ്രതിയായ താജുദ്ദീനെ മലപ്പുറം കൊളത്തൂരിൽ നിന്നാണ് ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി 10.30-ഓടെ അറസ്റ്റുചെയ്തത്. രണ്ട്, മൂന്ന് പ്രതികളായ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവർ നേരത്തേ പിടിയിലായിരുന്നു.
താജുദ്ദീന്റെ സുഹൃത്തുക്കളാണ് ആദിത്യൻ ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ്. മർദനത്തെത്തുടർന്നുള്ള ആന്തരികരക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.