കോന്നി: വന്യജീവി ആക്രമണങ്ങളില്‍ വലഞ്ഞ് മലയോര ജനത. വളര്‍ത്ത് മൃഗങ്ങളെ പുലിയും കടുവയും കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ കോന്നിയിലെ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് കഴിയുന്നുള്ളു. ആടും നായയും പശുവും അടക്കം നിരവധി വളര്‍ത്ത് മൃഗങ്ങളെ ആണ് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ വന്യ മൃഗങ്ങള്‍ കൊന്നൊടുക്കിയത്. തണ്ണിത്തോട്, കൊക്കാത്തോട് മേഖലകളില്‍ ആയിരുന്നു വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ ഉണ്ടായ അക്രമണങ്ങള്‍ ഏറെയും. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്ത് നായയെ വീട്ടുകാര്‍ നോക്കി നില്‍ക്കെ പുലി കടിച്ച് കൊന്നത്. ഇതിന് മുന്‍പാണ് അതുമ്പുംകുളത്ത് ആടിനെ കടുവ പിടികൂടുകയും പിന്നീട് ഇതിനെ ഞള്ളൂരില്‍ ചത്ത നിലയില്‍ കാണപ്പെടുകയും ചെയ്തത്. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലും അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിലും വന്യ ജീവി ആക്രമണം വര്‍ധിച്ചിരിക്കുകയാണ്.
കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും അനവധിയാണ്. ഇരുചക്ര വാഹനങ്ങളില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ സംഭവങ്ങളും അനവധിയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തണ്ണിത്തോട് മേടപ്പാറയില്‍ റബ്ബര്‍ സ്ലോട്ടര്‍ കരാറുകാരന്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. വനം വകുപ്പ് കടുവയെ പിടികൂടാന്‍ കുംകി ആനയെ വരെ എത്തിച്ച് തിരച്ചില്‍ നടത്തുകയും കൂട് സ്ഥാപിക്കുകയും ചെയ്തിട്ടും കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് 2022 ലും തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാകുളത്ത് കടുവ പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കല്ലേലിയിലും അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കുട്ടി ചത്തിരുന്നു. മേടപ്പാറയില്‍ യുവാവിനെ കടുവ ആക്രമിച്ചു കൊന്ന ശേഷവും പുലിയുടെ സാന്നിധ്യം ഇവിടെ വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2018 ലാണ് കൊക്കാത്തോട് സ്വദേശി കിടങ്ങില്‍ കിഴക്കേതില്‍ രവിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. വനാതിര്‍ത്തികളില്‍ വനം വകുപ്പ് സൗരോര്‍ജ വേലികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തതും വന്യ ജീവികള്‍ നാട്ടില്‍ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. വന്യ മൃഗങ്ങള്‍ ആക്രമിച്ച് ജീവന്‍ നഷ്ടപെട്ട വളര്‍ത്ത് മൃഗങ്ങളും അനവധിയാണ്. വളര്‍ത്ത് മൃഗങ്ങള്‍ വന്യ ജീവി ആക്രമണത്തില്‍ നഷ്ടപെട്ടാല്‍ ലഭിക്കുന്ന നഷ്ട പരിഹാരതുകയും പര്യാപ്തമല്ല. മലയണ്ണാനും കുരങ്ങും അടക്കം നിരവധി ജീവികള്‍ കോന്നിയില്‍ കര്‍ഷകര്‍ക്ക് നാശം വിതക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നിട്ടും ഇതിന് ശാശ്വത പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.