കോന്നി : 1972 ലെ വനം വന്യ ജീവി നിയമത്തിൽ കാതലായ മാറ്റം വരുത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ പി ജയൻ പറഞ്ഞു. വന്യ ജീവി ആക്രമണത്തിൽ നിന്ന് നാടിനെ രക്ഷിക്കണം എന്ന് ആവശ്യപെട്ട് അഖിലേന്ത്യാ കിസാൻ സഭ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പന്നി ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളെ ക്ഷദ്ര ജീവികളുടെ പട്ടികയിൽപെടുത്തി വംശ വർധനവ് തടയുവാനും നിയന്ത്രിക്കുവാനും നടപടി വേണം. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ വന്യ ജീവി ആക്രമണത്തിൽ കേരളത്തിൽ നിരവധി ജീവനുകൾ ആണ് നമുക്ക് നഷ്ടമായത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വന്യ ജീവികളുടെ ആക്രമണവും സാന്നിധ്യവും പ്രകടമാവുകയാണ്.
കേന്ദ്ര വന നിയമത്തിന്റെ മറവിൽ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ ആണ് സംസ്ഥാന സർക്കാർ. വന്യ ജീവികൾക്ക് വനത്തിൽ വെള്ളവും ഭക്ഷണവും ഉറപ്പ് വരുത്താൻ കഴിഞ്ഞാൽ അവ നാട്ടിൻ പുറങ്ങളിൽ എത്തുന്നത് തടയുവാൻ കഴിയും. വന്യ ജീവി ആക്രമണങ്ങളിൽ ഇരകൾ ആകുന്നവർക്കും കൃഷി നശിപ്പിക്കപ്പെടുന്ന കർഷകർക്കും മതിയായ നഷ്ട പരിഹാരം നൽകണമെന്നും വന്യ മൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് മതിയായ നഷ്ട പരിഹാരവും സർക്കാർ ജോലിയും നൽകണം എന്നും എ ഐ കെ എസ് സംസ്ഥാന സെക്രട്ടറി എ പി ജയൻ ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം ഡോ രാജൻ അധ്യക്ഷത വഹിച്ചു.
സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, എ ഐ കെ എസ് സംസ്ഥാന കമ്മറ്റി അംഗം ജോജോ കോവൂർ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ പിള്ള, എ ഐ കെ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റ്റി മുരുകേശ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം ബീന മുഹമ്മദ് റാഫി, എ ഐ കെ എസ് സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. കെ എൻ സത്യാനന്തപണിക്കർ, രേഖ അനിൽ, ബാബു പാലയ്ക്കൽ, കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് എ പി സന്തോഷ്, ജില്ലാ ട്രഷറർ അഡ്വ ജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ജി പ്രസന്നൻ, ബോബി തിരുവല്ല, സേതുകുമാർ, സനില സുനിൽ, ചിറ്റാർ ലോക്കൽ സെക്രട്ടറി അനിൽ കുമാർ, അനിൽ ബഞ്ചമൺപാറ, സീതത്തോട് ലോക്കൽ സെക്രട്ടറി സജി മുള്ളാനിൽ തുടങ്ങിയവർ പങ്കെടുത്തു.